ന്യൂഡൽഹി: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് ഭാര്യ ഹസിൻ ജഹാൻ. ഷമിക്കെതിരെ ലോക്കല്‍ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിനുള്ള സ്റ്റേ നീക്കം ചെയ്യണമെന്ന ഹര്‍ജി തള്ളിയ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഹസിൻ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. തന്റെ അഭിഭാഷകരായ ദീപക് പ്രകാശ്, നചികേത വാജ്‌പേയി, ദിവ്യാംഗ്ന മാലിക് വാജ്‌പേയി എന്നിവർ മുഖേനയാണ് കൊല്‍ക്കത്ത ഹൈക്കോടതിയുടെ മാർച്ച് 28-ലെ ഉത്തരവിനെ ചോദ്യം ചെയ്ത് യുവതി സുപ്രീം കോടതിയിൽ എത്തിയത്.
ഷമിക്കെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് പശ്ചിമ ബംഗാളിലെ സെഷൻസ് കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരേയാണ് ഭാര്യയുടെ ഹർജി. ഷമിക്ക് വിവാഹേതര ബന്ധങ്ങളുണ്ടെന്നും ബി.സി.സി.ഐ യാത്രകളില്‍ ബി.സി.സി.ഐ അനുവദിക്കുന്ന ഹോട്ടല്‍ മുറികളില്‍വെച്ച് അവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടെന്നും ഭാര്യ ഹർജിയിൽ ആരോപിക്കുന്നു. ഷമിയുടെ വിവാഹേതര ബന്ധങ്ങൾ ചോദ്യം ചെയ്തതിന്, ഷമിയും അയാളുടെ കുടുംബാംഗങ്ങളും തന്നെ ആക്രമിക്കുകയും ഉപദ്രവിക്കുകയും ചെയ്തതായി യുവതി ചൂണ്ടിക്കാട്ടുന്നു. സ്ത്രീധനത്തെ ചൊല്ലി പീഡനം പതിവായിരുന്നുവെന്നാണ് ഹസിൻ കൂട്ടിച്ചേർക്കുന്നത്.
പരാതിയുടെ അടിസ്ഥാനത്തില്‍ 2019 ഓഗസ്റ്റ് 19-ന് അലിപ്പോര്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഷമിക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഷമി 2019 സെപ്റ്റംബര്‍ ഒന്‍പതിന് ഇതിനെതിരേ സെഷന്‍സ് കോടതിയില്‍ പോയി. സെഷന്‍സ് കോടതി അറസ്റ്റ് വാറണ്ട് സ്‌റ്റേ ചെയ്തു. തുടര്‍ന്ന് ഹസിന്‍ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചത്. നിയമത്തിനു മുന്നില്‍ സെലിബ്രിറ്റിയാണെന്ന പരിഗണനയുണ്ടാവരുത്. കഴിഞ്ഞ നാലുവര്‍ഷമായി കേസില്‍ വിചാരണ നടക്കുന്നില്ല. സ്റ്റേ തുടരുകയാണെന്നും ഹസിന്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.
Post Your Comments