കൊൽക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ മത്സരിപ്പിക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ ശക്തമാക്കി ബിജെപി. ബംഗാളിൽ ഷമി മത്സരിക്കാൻ തയാറായാൽ അത് തൃണമൂൽ കോൺഗ്രസിനെതിരെ ശക്തമായ വെല്ലുവിളിയായിരിക്കുമെന്നാണ് ബിജെപി വിലയിരുത്തുന്നത്. എന്നാൽ, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ച് താരത്തിന്റെ ഭാഗത്ത് നിന്നും ഇതുവരെ യാതൊരു പ്രതികരണവും വന്നിട്ടില്ല.
ഏകദിന ലോകകപ്പിനിടെ താരത്തിന് കാലിൽ പരിക്കേറ്റിരുന്നു. തുടർന്ന് വിശ്രമത്തിൽ പ്രവേശിച്ച താരം ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയിട്ടില്ല. ഷമിക്ക് ഐപിഎൽ സീസണും നഷ്ടമാകും. നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഷമി കൂടിക്കാഴ്ച നടത്തിയിരുന്നു. ഷമിയുടെ പേരിൽ ജന്മനാടായ ഉത്തർപ്രദേശിൽ സ്റ്റേഡിയം നിർമിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുൻപ് പ്രഖ്യാപിച്ചിരുന്നു. ഇത് വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്.
ഉത്തർപ്രദേശ് സ്വദേശിയാണ് മുഹമ്മദ് ഷമി. ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനു വേണ്ടിയാണു ഷമി കളിച്ചത്. ബംഗാളിലെ ബസിർഹട് മണ്ഡലത്തിൽ നിന്ന് ഷമിയെ മത്സരിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.
Post Your Comments