ഗുരുഗ്രാം: സർവകലാശാല ഡീൻ തന്നോട് ലൈംഗിക താത്പര്യം പ്രകടിപ്പിച്ചതായി അസിസ്റ്റന്റ് പ്രൊഫസറായ യുവതിയുടെ പരാതി. ഫാർമസ്യൂട്ടിക്കൽ സയൻസസ് ഡിപ്പാർട്ട്മെന്റ് ഡീൻ ധീരേന്ദ്ര കൗശിക്കിനെതിരെയാണ് യുവതിയുടെ പരാതി. ധീരേന്ദ്ര കൗശിക് തന്നെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ധീരേന്ദ്ര കൗശിക്കിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഏപ്രിൽ 28ന് യൂണിവേഴ്‌സിറ്റി വളപ്പിലെ ഒരു മുറിയിൽ വച്ച് ഡീൻ തന്റെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും പീഡിപ്പിക്കാൻ ശ്രമിച്ചെന്നും യുവതി ആരോപിച്ചു. അന്നുതന്നെ സംഭവത്തിൽ പരാതിപ്പെടാൻ പോയപ്പോൾ സർവകലാശാല വൈസ് ചാൻസലർ (വിസി) തന്നെ കാണാൻ വിസമ്മതിച്ചതായും പരാതിക്കാരി ആരോപിച്ചു. തനിക്ക് ഒരുപാട് ബന്ധങ്ങളുള്ളതിനാൽ സർവകലാശാല വിസിയും രജിസ്ട്രാറും തനിക്കെതിരെ ഒരു നടപടിയും സ്വീകരിക്കില്ലെന്ന് ഡീൻ പറഞ്ഞിരുന്നതായും പ്രൊഫസർ കൂട്ടിച്ചേർത്തു.
അതിന് മുമ്പ് പലപ്പോഴും തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. വെസ്റ്റേൺ ഡ്രസ്സ് ധരിച്ചാൽ കൂടുതൽ സെക്സിയാകുമെന്ന് ധീരേന്ദ്ര കൗശിക്ക് തന്നോട് പറഞ്ഞെന്ന് യുവതി പറയുന്നു. ഭർത്താവ് അടുത്തില്ലാത്തപ്പോൾ എന്നെ ഒരു ഹോട്ടലിൽ വച്ച് കാണൂവെന്നും ഇയാൾ പറഞ്ഞിട്ടുണ്ടെന്ന് പ്രൊഫസർ ആരോപിച്ചു. ധീരേന്ദ്ര പലപ്പോഴും തന്റെ ശരീരത്തെക്കുറിച്ച് ‘അൺപ്രൊഫഷണൽ’ രീതിയിൽ അഭിപ്രായം പറയാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഗുരുഗ്രാമിലെ വനിതാ പോലീസ് സ്റ്റേഷനിൽ പ്രൊഫസർ നൽകിയ പരാതിയിൽ എഫ്ഐആർ ഫയൽ ചെയ്തു. ഇന്ത്യൻ പീനൽ കോഡ് (ഐപിസി) പ്രകാരം സെക്ഷൻ 354 (ക്രിമിനൽ ബലപ്രയോഗം), 506 (ഭീഷണിപ്പെടുത്തൽ) എന്നിവ പ്രകാരമാണ് കേസ്. തനിക്ക് അസ്വസ്ഥതയുണ്ടാക്കുന്ന അഭിപ്രായങ്ങൾ പറയുന്നത് നിർത്താൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ധീരേന്ദ്ര കൗശിക് തന്നെ ലക്ഷ്യം വെച്ചെന്നും പ്രൊഫസർ പറഞ്ഞു. തന്നെ പുറത്താക്കുമെന്ന് പറഞ്ഞ് ധീരേന്ദർ ഭീഷണിപ്പെടുത്തിയെന്നും അവർ കൂട്ടിച്ചേർത്തു.
Post Your Comments