ചെലവ് ചുരുക്കാൻ പുതിയ പരിഷ്കരണവുമായി ട്വിറ്റർ വീണ്ടും രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, ഇത്തവണ ജീവനക്കാരുടെ പാരന്റൽ ലീവാണ് കമ്പനി വെട്ടിക്കുറച്ചിരിക്കുന്നത്. മുൻപ് 140 ദിവസമായിരുന്നു പാരന്റൽ ലീവ് അനുവദിച്ചിരുന്നത്. എന്നാൽ, പുതിയ മാറ്റങ്ങൾ വരുത്തിയതോടെ 14 ദിവസം മാത്രമാണ് ജീവനക്കാർക്ക് പാരന്റൽ ലീവ് ലഭിക്കുകയുള്ളൂ. ഇതിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ട്.
ശമ്പളത്തോടുകൂടിയ ലീവ് പോളിസി ഇല്ലാതെ യുഎസിലെ ട്വിറ്റർ ആസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരെയാണ് പുതിയ മാറ്റം കൂടുതലായി ബാധിക്കുക. നിലവിൽ, യുഎസിൽ പാരന്റൽ ലീവ് നൽകണമെന്ന വ്യവസ്ഥ നിലനിൽക്കുന്നില്ല. ചില പ്രത്യേക മെഡിക്കൽ സാഹചര്യങ്ങൾ കണക്കിലെടുത്താണ് കമ്പനികൾ ജീവനക്കാർക്ക് പാരന്റൽ ലീവ് അനുവദിക്കാറുള്ളത്. ഈ സാഹചര്യത്തിലാണ് ട്വിറ്ററിന്റെ പുതിയ നീക്കം. പുതിയ മാറ്റം പ്രാബല്യത്തിലാകുന്നതോടെ, കുട്ടികൾക്കൊപ്പം ചെലവഴിക്കാനുള്ള സമയം ട്വിറ്ററിലെ ജീവനക്കാർക്ക് നഷ്ടമാകുന്നതാണ്.
Post Your Comments