ന്യൂഡല്‍ഹി: കേരളം സന്ദർശിക്കാൻ കാത്തിരുന്ന അബ്ദുള്‍ നാസര്‍ മഅദനിയ്ക്ക് സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി. കേരളത്തിലേക്ക് അകമ്പടി പോകുന്ന പോലീസുകാരുടെ എണ്ണവും ചെലവും വെട്ടിക്കുറയ്ക്കാന്‍ നിർദേശം നൽകണമെന്ന ആവശ്യവുമായി സുപ്രീം കോടതിയിലെത്തിയ മഅദനിയുടെ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, ബേല എം. ത്രിവേദി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. അകമ്പടി സംബന്ധിച്ച കാര്യങ്ങളില്‍ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ സുരക്ഷവെട്ടിക്കുറച്ച് കേരളത്തിലേക്ക് അയക്കാൻ കഴിയില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. നേരത്തെ നിശ്ചയിച്ച അത്രയും സുരക്ഷ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ മാത്രമേ മഅദനിയെ കേരളത്തിലേക്ക് അയക്കാൻ കഴിയുകയുള്ളുവെന്ന് സർക്കാർ സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു. കേരളത്തിലേക്ക് പോകുന്നതിനുള്ള സുരക്ഷയ്ക്കും അകമ്പടിക്കുമായി 56.63 ലക്ഷം രൂപ നല്‍കണമെന്നുള്ള കര്‍ണാടക പൊലീസിന്റെ ആവശ്യത്തിനെതിരെയായിരുന്നു അബ്ദുള്‍ നാസര്‍ മഅദനി സുപ്രീം കോടതിയെ സമീപിച്ചത്.
ഇത്രയും തുക നൽകാൻ കഴിയില്ലെന്നും, തനിക്ക് ഇത്രയും സുരക്ഷാ ആവശ്യമില്ലെന്നുമായിരുന്നു മഅദനി പറഞ്ഞത്. എന്നാൽ, ഇത് അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു കർണാടകയുടെ നിലപാട്. അകമ്പടി ചെലവ് കണക്കാക്കിയത് സര്‍ക്കാരിന്റെ ചട്ടങ്ങള്‍ പ്രകാരമാണെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത മറുപടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുകയായിരുന്നു. നിരോധിത സംഘടനയായ സിമിയിലെ അംഗമാണ് മഅദനിയെന്നും കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
Post Your Comments