കാട്ടാക്കട: പെട്രോൾ പമ്പിൽ മാരകായുധങ്ങളുമായെത്തി ജീവനക്കാരെ ആക്രമിച്ച കേസിൽ സഹോദരങ്ങളടക്കം മൂന്നുപേർ അറസ്റ്റിൽ. ബാലരാമപുരം പെരിങ്ങമല തെറ്റിവിളയിൽ വാടകയ്ക്കു താമസിക്കുന്ന അഭിജിത്ത് (24), സഹോദരൻ അജിത്ത് (20), മുട്ടത്തറ മാണിക്കവിളാകത്ത് അനസ് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മലയിൻകീഴ് പൊലീസ് ആണ് അറസ്റ്റ് ചെയ്ത്.
വ്യാഴാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. പേയാട് സ്വദേശിയായ ഗോപാലകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ശാസ്താ ഫ്യൂവൽ പോയിന്റിൽ ബൈക്കിൽ എത്തിയ രണ്ടുപേർ ബാലരാമപുരം സ്വദേശി ശ്രീജയൻ (58), വിളപ്പിൽശാല സ്വദേശി സുരേഷ് കുമാർ(55) എന്നിവരെ വെട്ടിയും മർദ്ദിച്ചും പരിക്കേൽപ്പിക്കുകയായിരുന്നു. ബൈക്കിൽ എത്തിയ അഭിജിത്തും സുഹൃത്തായ മഹാദേവനും പെട്രോൾ അടിച്ച ശേഷം പമ്പിൽ വരുന്നവർക്കായി കരുതിയിട്ടുള്ള കുടിവെള്ളത്തിനു തണുപ്പില്ലെന്നു പറഞ്ഞ് സെയിൽസ്മാനായ സുരേഷ് കുമാറുമായി ആദ്യം വാക്കേറ്റം ഉണ്ടായി. പമ്പിലെ മറ്റു ജീവനക്കാർ ഇടപെട്ടതോടെ മടങ്ങി പോയ ഇവർ ഒരു മണിക്കൂറിനുശേഷം സുധി എന്ന മറ്റൊരാളെക്കൂടി കൂട്ടി എത്തി ജീവനക്കാരെ ആക്രമിക്കുകയായിരുന്നു.
അജിത്ത്, അനസ് എന്നിവർക്കെതിരെ ഗൂഢാലോചന നടത്തിയതിനാണ് കേസ് എടുത്തിട്ടുള്ളത്. ഒട്ടേറെ ലഹരി കേസുകളിൽ ഉൾപ്പെട്ട മഹാദേവനും കൂട്ടാളിയായ സുധിയും ഒളിവിലാണ്.
ഇൻസ്പെക്ടർ ടി.വി. ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments