തിരുവനന്തപുരം: സർക്കാർ ജീവനക്കാർ, പെൻഷൻകാർ, അവരുടെ ആശ്രിതർ ഉൾപ്പെടെ 30 ലക്ഷത്തോളം ഗുണഭോക്താക്കൾക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ ‘മെഡിസെപ് ‘ കൂടുതൽ ഉപഭോക്തൃ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ധനകാര്യ വകുപ്പ് സോഫ്റ്റ് വെയർ ഡിവിഷൻ തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷന്റെ ഉദ്ഘാടനം തിങ്കളാഴ്ച്ച നടക്കും. വൈകുന്നേരം 6ന് തിരുവനന്തപുരം ഐഎംജിയിലെ ‘പദ്മം’ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും.
രാജ്യത്ത് തന്നെ മാതൃകയായ പദ്ധതിയുടെ സ്വീകാര്യത വർധിച്ചു വരുന്ന സാഹചര്യത്തിലും പദ്ധതി വിപുലീകരണത്തിന്റെ ഭാഗമായും പദ്ധതിയുടെ വിശദാംശങ്ങൾ ഗുണഭോക്താക്കളുടെ വിരൽത്തുമ്പിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് മൊബൈൽ ആപ്ലിക്കേഷൻ സർക്കാർ നടപ്പിൽ വരുത്തുന്നത്. പദ്ധതിയെ കുറിച്ച് മെച്ചപ്പെട്ട അവഗാഹം നൽകുന്നതിന്റെ ഭാഗമായി ഇതിനുമുമ്പ് മെഡിസെപ് വെബ് പോർട്ടൽ ആരംഭിക്കുകയും ഹാൻഡ് ബുക്ക് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ തുടർച്ചയായിട്ടാണ് ഒരു മൊബൈൽ ആപ്പ്. പദ്ധതി ആരംഭിച്ച് പത്ത് മാസ കാലയളവിനുള്ളിൽ ഏകദേശം 592 കോടിയോളം രൂപയുടെ ചികിത്സാ പരിരക്ഷ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുവാൻ കഴിഞ്ഞു.
ആകെ 2,20,860 ക്ലെയിമുകളിലായി 591,42,70,739 രൂപയുടെ പരിരക്ഷയാണ് അംഗീകരിച്ചത്. ഇതിൽ സർക്കാർ മേഖലയിലെ ക്ലെയിമുകൾ 18,153 എണ്ണവും അംഗീകരിച്ച തുക 39,52,04,198 രൂപയുമാണ്. സ്വകാര്യമേഖലയിൽ 202,707 ക്ലെയിമുകളിലായി 551,90,66,541 രൂപ അംഗീകരിച്ചു. ഗുരുതര രോഗങ്ങൾക്കുള്ള പാക്കേജ് വിഭാഗത്തിൽ 1853 ക്ലെയിമുകളിലായി 38,18,06,928 രൂപയാണ് അംഗീകരിച്ചത്. ഇതിൽ സർക്കാർ മേഖലയിലെ ക്ലെയിമുകൾ 110 എണ്ണവും തുക 1,43,84,497 രുപയും, സ്വകാര്യം മേഖലയിൽ 1743 ക്ലെയിമുകളും തുക 36,74,22,431 രൂപയുമാണ്.
സ്വകാര്യമേഖലയിലെ ആശുപത്രികളിൽ തൃശ്ശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് 7943 ക്ലെയിമുകളിലായി 22,71,92,939 രൂപ അംഗീകരിച്ചു. കോഴിക്കോട് എം.വി.ആർ കാൻസർ സെന്റർ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് 4771 ക്ലെയിമുകളിലായി 14,27,98,201 രൂപ അംഗീകരിച്ചു. കണ്ണൂർ മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് 4260 ക്ലയിമുകളിലായി 14,46,98,777 രൂപയും തിരുവല്ല ബിലീവേഴ്‌സ് ചർച്ച മെഡിക്കൽ കോളേജ് തിരുവല്ല 3945 ക്ലെയിമുകളിലായി 8,18,46,661 രൂപയും എറണാകുളം അപ്പോളോ അടൂലക്സ് ഹോസ്പിറ്റൽ 3741 ക്ലെയിമുകളിലായി 8,79,13,475 രൂപയും അംഗീകരിച്ചു.
Read Also: സിനിമാതാരത്തെ പീഡിപ്പിക്കാൻ ശ്രമിച്ചു: റിട്ട. ഡിവൈഎസ്പിക്കെതിരെ പീഡന കേസ്
Post Your Comments