കൊച്ചി: ‘സന്യാസിമാര്‍ ആന്തരിക അവയവങ്ങള്‍ പുറത്ത് എടുത്ത് കഴുകി വൃത്തിയാക്കി തിരിച്ചു വെയ്ക്കുമായിരുന്നു’, അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ പിടിച്ച് പറ്റിയ ഒരു ഡയലോഗ് ആയിരുന്നു ഇത്. ഒരു ടെലിവിഷന്‍ പരിപാടിക്കിടെ നടി നവ്യ നായർ ആയിരുന്നു ഇത്തരമൊരു പരാമർശം നടത്തിയത്. താരത്തിന്റെ വാക്കുകൾ ട്രോളുകൾക്ക് കാരണമായി. ഭാരതത്തിലെ സന്യാസിമാര്‍ മനുഷ്യരുടെ ഇന്റെര്‍ണല്‍ ഓര്‍ഗന്‍സ് ഒക്കെ പുറത്ത് എടുത്ത് കഴുകി വൃത്തിയാക്കി തിരിച്ചു വെയ്ക്കുമായിരുന്നു എന്നാണ് നവ്യ പറഞ്ഞത്. ഇപ്പോഴിതാ, തനിക്കെതിരെ ഉയർന്ന ട്രോളുകളോടും പരിഹാസ കമന്റുകളോടും പ്രതികരിക്കുകയാണ് നവ്യ.
അത്തരമൊരു പരാമർശം താൻ നടത്തിയത് പുസ്തകം വായിച്ച് കിട്ടിയ അറിവ് വെച്ചിട്ടാണെന്ന് നവ്യ പറയുന്നു. ട്രോളുകളൊക്കെ വന്ന് സംഭവം വൈറലായതോടെയാണ് പുസ്തകം വായിക്കുന്നത് ഒരു പ്രശ്നമാണെന്ന് താൻ മനസിലാക്കിയതെന്നും നവ്യ തമാശയോടെ പറയുന്നു. ട്രോളുകൾ താൻ ആസ്വദിച്ചുവെന്നും, സുഹൃത്തുക്കൾ വരെ തന്നെ ട്രോളി തുടങ്ങിയെന്നും നവ്യ പറയുന്നു. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നവ്യയുടെ പ്രതികരണം.
‘അന്ന് അങ്ങനെയൊരു കാര്യം പറഞ്ഞത് ഒരു പുസ്തകം വായിച്ചിട്ടായിരുന്നു. അതിനുശേഷമാണ് പുസ്തകം വായിക്കുന്നത് ഒരു പ്രശ്നമാണെന്ന് എനിക്ക് മനസിലായത്. വായിച്ചത് കൊണ്ടാണല്ലോ ഈ പ്രശ്നം എനിക്കുണ്ടായത്. ശരിക്കും ഇതൊക്കെ ഒരു രസമല്ലേ? ട്രോളുകൾ ഒക്കെ ഞാൻ ആസ്വദിക്കാറുണ്ട്. കുറച്ച് കഴിഞ്ഞ് ആ വീഡിയോ എല്ലാവരും എനിക്ക് അയച്ച് തന്നുതുടങ്ങി. അതോടെ, അവർക്കൊക്കെ എന്റെ കയ്യിൽ ഉള്ള ആ പുസ്തകത്തിന്റെ ഫോട്ടോ ഞാൻ തിരിച്ചയച്ചു. ഇപ്പോൾ ഞാൻ പുറത്തേക്ക് ഇറങ്ങുമ്പോൾ ഫ്രണ്ട്സ് ഒക്കെ ചോദിക്കും, എങ്ങനെയാ ഓർഗൻസ് ഒക്കെ കഴുകി വൃത്തിയാക്കിയിട്ടാണോ വരുന്നത് എന്ന്. ലിവറൊക്കെ കഴുകിയോ എന്നും ചോദിക്കും. ഇന്ന് ലിവർ കഴുകിയില്ല, കുടലാണ് കഴുകിയതെന്ന് ഞാൻ പറയും’, നവ്യ പറയുന്നു.
Post Your Comments