ഇടുക്കി: അരിക്കൊമ്പനെ പുനരധിവസിപ്പിക്കുക ഇടുക്കിയിലല്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ. അരിക്കൊമ്പനെ പറമ്പിക്കുളത്ത് തുറന്നുവിടുമെന്ന വാര്‍ത്തകളും ശരിയല്ല. ജനവാസം കുറഞ്ഞ ഉള്‍വന മേഖലയിലായിരിക്കും അരിക്കൊമ്പനെ തുറന്നുവിടുകയെന്നും മന്ത്രി പറഞ്ഞു. ദൗത്യം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. എങ്ങോട്ട് മാറ്റും എന്ന് പറയാന്‍ പറ്റില്ല. കോടതി പോലും തീവ്ര നിലപാട് അംഗീകരിച്ചു.
അരികൊമ്പനെ കൊണ്ടുപോകുന്ന സ്ഥലം വനം വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വന്യ ജീവികളെ സ്നേഹിക്കുന്ന ആളുകളുടെ വികാരവും ശല്യം നേരിടുന്നവരുടെ പ്രയാസവും സര്‍ക്കാരിന് മുന്നില്‍ ഒരുപോലെയാണെന്നും മന്ത്രി പറഞ്ഞു. അരിക്കൊമ്പന്‍ ദൗത്യത്തിന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ധീരമായി പ്രയത്നിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, അരിക്കൊമ്പന്‍ നിലവില്‍ പൂര്‍ണവരുതിയിലായിട്ടുണ്ട്. കൊമ്പന്റെ നാല് കാലുകളിലും ദൗത്യസംഘം വടം കെട്ടി. കഴുത്തില്‍ കയറിട്ടു, കണ്ണിന് മുകളില്‍ കറുത്ത തുണി കെട്ടി. അഞ്ച് തവണ മയക്കുവെടി വച്ചശേഷമാണ് കാലുകള്‍ ബന്ധിച്ചത്. കാലുകള്‍ ബന്ധിച്ച വടത്തിന്റെ ഒരറ്റം കുങ്കിയാനകള്‍ വലിച്ച് കൊണ്ടുപോകും. ജെസിബി ഉപയോഗിച്ച് കൊമ്പന്‍ നില്‍ക്കുന്നിടത്തേക്ക് വഴിയൊരുക്കാന്‍ ശ്രമം തുടരുകയാണ്.
Post Your Comments