ലക്നൗ: യാതൊരു വിവേചനവും ഇല്ലാതെ സംസ്ഥാനത്തെ ഓരോ വ്യക്തിയുടെയും സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്ത് സുരക്ഷിതമായ അന്തരീഷം സൃഷ്ടിച്ചതോടെ ഉത്തർപ്രദേശിനെ കുറിച്ചുള്ള എല്ലാവരുടെയും ധാരണ മാറിയെന്ന് അദ്ദേഹം പറഞ്ഞു. ഗോരഖ്പൂരിൽ നടന്ന ബിസിനസ് കോൺഫറൻസിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ന് ലോകത്തുടനീളമുള്ള നിക്ഷേപകർ ഉത്തർപ്രദേശിൽ നിക്ഷേപം നടത്താൻ തയ്യാറാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം രാജ്യത്തെ ജനങ്ങളുടെ ആത്മവിശ്വാസം വർദ്ധിച്ചു. വ്യാപാര വ്യവസായ മേഖലകളിൽ നിരവധി വികസനങ്ങളാണ് നടപ്പിലാക്കിയിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോക്സഭാ തെരഞ്ഞെടുപ്പിലും സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളിലും വ്യവസായികൾ ബിജെപിയെയാണ് പിന്തുണയ്ക്കുന്നത്. നല്ല വ്യക്തികളെ സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കാതിരുന്നാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുവദിക്കുന്ന ഫണ്ട് പാഴാകും. ഉത്തർപ്രദേശിലെ 10 നഗരങ്ങളെയാണ് സ്മാർട്ട് സിറ്റി മിഷന് കീഴിൽ കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തത്. അതുപോലെ ഗൊരഖ്പൂർ ഉൾപ്പെടെ ഏഴ് നഗരങ്ങളെ സംസ്ഥാന മിഷന് കീഴിൽ സംസ്ഥാന സർക്കാരും തിരഞ്ഞെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments