ചേരാനെല്ലൂർ: കലൂരിലെ ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മരണത്തിൽ ദുരൂഹത. ഏപ്രിൽ 24-നാണ് ചേരാനെല്ലൂർ സ്വദേശി ഒഴുക്കത്തുപറമ്പിൽ സാബുവിന്റെ മകൾ അനഘലക്ഷ്മി (23) യെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അനഘ ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നുമാണ് പെൺകുട്ടിയുടെ വീട്ടുകാർ ആരോപിക്കുന്നത്. ഭർത്താവായ കലൂർ തറേപ്പറമ്പിൽ രാകേഷിനെതിരെയാണ് ബന്ധുക്കളുടെ പരാതി.
ഭർതൃവീട്ടിലെ പീഡനവും ഭർത്താവിൻറെ വഴിവിട്ട ജീവിതവുമാണ് യുവതിയുടെ മരണത്തിന് കാരണമെന്നാണ് അവർ ആരോപിക്കുന്നത്. നാല് വർഷം നീണ്ട പ്രണയത്തിനൊടുവിൽ ആണ് അനഘയും അപ്പു എന്ന് വിളിക്കുന്ന രാകേഷും വിവാഹിതരായത്. അനഘയുടെ നിർബന്ധത്തിന് വഴങ്ങിയായിരുന്നു അപ്പുവുമായുള്ള വിവാഹം നടത്തിയതെന്നാണ് ഇപ്പോൾ പെൺകുട്ടിയുടെ വീട്ടുകാർ പറയുന്നത്. നാല് മാസം മുൻപായിരുന്നു ഇവരുടെ വിവാഹം.
രാകേഷ് മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും, ഇതിന്റെ ഉപയോഗം മൂലം അനഘയുമായി സ്ഥിരം വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു. രാകേഷ് സ്ഥിരം രാത്രിയാത്രകൾ നടത്തുമായിരുന്നുവെന്നും, ഈ യാത്രയിലൊക്കെ നിർബന്ധിച്ച് അനഘയെ കൂടി കൂട്ടുമായിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. അനഘയെ രാകേഷ് മയക്കുമരുന്നു കച്ചവടത്തിനായി ഉപയോഗിച്ചിരുന്നതായി വിവരം കിട്ടിയതായും ബന്ധുക്കൾ പോലീസിനു നൽകിയ പരാതിയിൽ പറയുന്നു.
അതേസമയം, അനഘ മരിച്ച വിവരം മറ്റെല്ലാവരെയും രാകേഷ് വിളിച്ച് അറിയിച്ചിരുന്നു. എന്നാൽ അനഘയുടെ ബന്ധുക്കളെ വളരെ വൈകിയാണ് വിവരം അറിയിച്ചത്. അനഘയുടെ മരണം സംബന്ധിച്ചുള്ള തെളിവുകൾ ഈ സമയത്ത് രാകേഷിന് നശിപ്പിക്കാൻ കഴിഞ്ഞു കാണുമെന്നാണ് അനഘയുടെ ബന്ധുക്കൾ പറയുന്നത്. തൻ്റെ മകളുടെ മരണത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്നാണ് അനഘയുടെ അച്ഛൻ സാബുവും അമ്മ സുഗന്ധിയും പൊലീസിനു നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Post Your Comments