Latest NewsKeralaNews

തൃശ്ശൂർ പൂരം കാണാന്‍ ജീർണിച്ചതും നിർമാണത്തിലുള്ളതുമായ കെട്ടിടങ്ങളിൽ കയറുന്നതിന് വിലക്ക്

തൃശൂര്‍: തൃശൂര്‍ പൂരം കാണുന്നതിന് വേണ്ടി ജീര്‍ണിച്ചതും നിര്‍മ്മാണം പൂര്‍ത്തിയാകാത്തതുമായ കെട്ടിടങ്ങളില്‍ കയറുന്നത് വിലക്കി പൊലീസ്. ജീർണിച്ചതും, അപകടാവസ്ഥയിലുള്ളതും, നിർമ്മാണാവസ്ഥയിലുള്ളതും ശരിയായ കൈവരികളും, കോണിപ്പടികളും ഇല്ലാത്തതുമായ കെട്ടിടങ്ങളിൽ കയറുന്നത് അനുവദനീയമല്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകൻ അറിയിച്ചു.

കോര്‍പ്പറേഷന്‍ പൊതുമരാമത്ത് വകുപ്പും സിറ്റി പൊലീസും സംയുക്തമായി സ്വരാജ് റൗണ്ടിലെയും സമീപ പ്രദേശങ്ങളിലെയും ജീര്‍ണിച്ചതും നിര്‍മ്മാണം പൂര്‍ത്തിയാകാത്തതുമായ കെട്ടിടങ്ങളുടെ കണക്കെടുത്തിരുന്നു. തൃശൂര്‍ പൂരത്തിന്റെ ഭാഗമായുള്ള വെടിക്കെട്ട്, തെക്കോട്ടിറക്കം, കുടമാറ്റം എന്നീ ചടങ്ങുകള്‍ കാണുന്നതിനായി ആളുകള്‍ കയറാന്‍ സാധ്യതയുള്ള അപകടാവസ്ഥയിലുള്ള 85 കെട്ടിടങ്ങള്‍ ഇതിലൂടെ കണ്ടെത്തിയിട്ടുണ്ട്.

പൂരം വെടിക്കെട്ടിന് സ്വരാജ് റൗണ്ടിലെ ജോസ് തിയേറ്ററിന്റെ മുന്‍ഭാഗം മുതല്‍ പാറമേക്കാവ് ക്ഷേത്രം വരെയുള്ള ഭാഗത്ത് റോഡിലും കുറുപ്പം റോഡ് മുതല്‍ എംജി റോഡ് വരെയുള്ള ഭാഗത്ത് റോഡ് കഴിഞ്ഞുള്ള നടപ്പാതയ്ക്ക് പുറത്തും ഇത്തവണ കാണികള്‍ക്ക് പ്രവേശനം അനുവദിക്കും. ദൂര പരിധി സംബന്ധിച്ച കൂടുതൽ ചർച്ചകൾ പെസൊയുമായി നടത്തും. 28 ന് നടക്കുന്ന സാമ്പിള്‍ വെടിക്കെട്ടിന് എംജി റോഡ് മുതല്‍ കുറുപ്പം റോഡ് വരെയും ജോസ് തിയേറ്റര്‍ മുതല്‍ പാറമേക്കാവ് വരെയുമുള്ള ഭാഗത്ത് റോഡിലേക്കും പ്രവേശനം നല്‍കും.

അതേസമയം, ഇത്തവണത്തെ പൂരത്തിന് പ്ലാസ്റ്റിക് മാലിന്യം പടിക്ക് പുറത്ത്. ഹരിത പൂരമാക്കാൻ കോർപറേഷൻ നടപടികൾ തുടങ്ങി. പൂരത്തിന് ശേഷം അവശേഷിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ പരിസ്ഥിതിക്ക് വരുത്തുന്ന ദോഷങ്ങൾ മുൻകൂട്ടിക്കണ്ട് ഇതുമായി ബന്ധപ്പെട്ട് പ്രചരണ പ്രവർത്തനങ്ങൾ നടത്തും. പൊതുജനങ്ങളുടെയും വ്യാപാര വ്യവസായ സമൂഹത്തിന്റെയും സഹകരണം ഉറപ്പുവരുത്തുന്നതിന് നോട്ടീസും വിതരണം ചെയ്തു. ഏപ്രില്‍ 30 നാണ് തൃശൂര്‍ പൂരം. മെയ് ഒന്നിന് ഉപചാര ചൊല്ലല്‍ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button