Latest NewsKeralaNews

മാങ്ങാ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിട്ടു

മാങ്ങാ മോഷ്ടിച്ച പോലീസ് ഉദ്യോഗസ്ഥന്‍ പിവി ഷിഹാബിനെ പോലീസില്‍ നിന്നും പിരിച്ചുവിട്ടു

ഇടുക്കി: മാമ്പഴം മോഷ്ടിച്ച കേസിലെ പ്രതിയായ പൊലീസുകാരനെ പിരിച്ചുവിട്ടു. ഇടുക്കി എ ആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ വി പി ഷിഹാബിനെയാണ് പൊലീസിൽ നിന്നും പിരിച്ചുവിട്ടത്. ജില്ലാ പൊലീസ് മേധാവിയുടേതാണ് നടപടി. സംഭവം നടന്ന് ഏഴ് മാസങ്ങൾക്ക് ശേഷമാണ് നടപടി എന്നതും ശ്രദ്ധേയം, കേസുമായി ബന്ധപ്പെട്ട് നേരത്തെ ഷിഹാബിന് എസ്പി വി യു കുര്യാക്കോസ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. മാങ്ങാ മോഷണത്തിന് പുറമെ മറ്റ് രണ്ടു കേസുകളില്‍ കൂടി ഷിഹാബ് പ്രതിയായിരുന്നു. ഇതാണ് ഇയാൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ കാരണമായത്.

10 കിലോ മാമ്പഴമായിരുന്നു സിവില്‍ പൊലീസ് ഓഫീസറായ ഷിഹാബ് മോഷ്ടിച്ചത്. 2022 സെപ്റ്റംബര്‍ 30ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കാഞ്ഞിരപ്പള്ളിയിലെ പച്ചക്കറി കടയില്‍ നിന്നും ആണ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോൾ ഇയാൾ മാങ്ങ മോഷ്ടിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജിലെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ പുലര്‍ച്ചെയായിരുന്നു മോഷണം. രാവിലെ കട തുറക്കാന്‍ ഉടമ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ മുണ്ടക്കയം സ്വദേശി ഷിഹാബിനെതിരെ കേസെടുത്തിരുന്നു.

കടയുടെ സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ വാഹനത്തിന്റെ നമ്പര്‍ ഉള്‍പ്പടെ വ്യക്തമായിരുന്നതാണ് പൊലീസുകാരനെ കണ്ടെത്താന്‍ സഹായിച്ചത്. കടയുടെ അരികില്‍ സ്‌കൂട്ടര്‍ നിര്‍ത്തിയ പൊലീസുകാരന്‍ മാമ്പഴങ്ങള്‍ എടുത്ത് വണ്ടിയില്‍ ഇടുന്നതുള്‍പ്പടെ ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. വിശപ്പ് കാരണമല്ല മാമ്പഴം എടുത്തതെന്ന് വ്യക്തമായതോടെയാണ് കാഞ്ഞിരപ്പിള്ളി പൊലീസ് കേസെടുത്തത്. പിരിച്ചുവിടാനുള്ള പോലീസ് ഉദ്യോഗസ്ഥരുടെ പട്ടികയില്‍ ഷിഹാബിന്റെ പേരും ഉള്‍പ്പെടുത്തിയിരുന്നു. മോഷണത്തിന് പോലീസ് കേസെടുത്തെങ്കിലും പഴക്കച്ചവടക്കാരന്‍ കേസില്ലന്ന് പറഞ്ഞതോടെ കോടതി കേസ് റദ്ദാക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button