ഇടതുപക്ഷ വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്ന നവ്യ നായർ ബി.ജെ.പി സംഘടിപ്പിച്ച യുവം 2023 പരിപാടിയില്‍ പങ്കെടുത്തത് ഇടത് കേന്ദ്രങ്ങളെ ഞെട്ടിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച യുവം 2023 ല്‍ പ്രമുഖരുടെ നീണ്ട നിര തന്നെ ഉണ്ടായിരുന്നു. ഉണ്ണി മുകുന്ദൻ, വിജയ് യേശുദാസ്, അപർണ ബാലമുരളി തുടങ്ങിയവർക്കൊപ്പമാണ് നവ്യയും ചടങ്ങിൽ പങ്കെടുത്തത്. ഉണ്ണി മുകുന്ദനെയും അനിൽ ആന്റണിയെയും ഒക്കെ പ്രതീക്ഷിച്ചതാണെങ്കിലും, യുവം 2023 ലെ ചടങ്ങിൽ ഇടത് കേന്ദ്രം പ്രതീക്ഷിക്കാത്ത ഒരു മുഖമായിരുന്നു നവ്യയുടേത്.
നവ്യയുടെ ഡാൻസും ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോൾ അദ്ദേഹത്തെ വണങ്ങാൻ നവ്യ ശ്രമിച്ചതുമെല്ലാം സൈബർ സഖാക്കളെ ചൊടിപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായും അദ്ദേഹത്തിന്റെ കുടുംബവുമായും ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന ആളായിരുന്നു നവ്യ. 2021 ഏപ്രിലിൽ ധര്‍മടത്ത് നടന്ന വിജയം കലാ സാംസ്‌കാരിക പരിപാടിയില്‍ നവ്യ മുഖ്യമന്ത്രിയ്‌ക്കൊപ്പം വേദി പങ്കിട്ടിട്ടുണ്ട്. ഈ വേദിയിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെ നടി വാനോളം പുകഴ്ത്തിയിരുന്നു.
‘സഖാവ് എന്ന് പറയുമ്പോൾ കൂടെയുള്ള സുഹൃത്ത് എന്നാണ് . ജനങ്ങളോടൊപ്പം ഉള്ള സുഹൃത്തിനെപോലെ കൂടെയുള്ള വ്യക്തിയാണ് എന്നും നമ്മുടെ ബഹുമാന്യനായ മുഖ്യമന്ത്രി. സഖാവ് പിണറായി വിജയൻ ബഹുമാന്യനായ മുഖ്യമന്ത്രി, സഖാവ് പിണറായി വിജയൻ എന്നൊക്കെ പറയുമ്പോൾ അദ്ദേഹത്തിന്റെ സ്ഥാനമാനങ്ങൾക്ക് അപ്പുറത്ത് വാത്സല്യത്തോടെയും സ്നേഹത്തോടെയും ചെറുപുഞ്ചിരിയോടെ എന്നെ നോക്കിയിട്ടുള്ള മുഖമാണ് എന്റെ മനസ്സിലേക്ക് ഓർമ്മവരുന്നത്. മുഖ്യമന്ത്രി ഏറ്റവും വലിയ മനുഷ്യസ്നേഹിയാണ് . എല്ലാ ശാരീരിക അസ്വാസ്ഥ്യങ്ങളും മറന്ന് സഹപ്രവർത്തകർക്ക് വേണ്ടി കർമ്മനിരതനായ അദ്ദേഹത്തിന് മേൽക്കുമേൽ എല്ലാ ഐശ്വര്യങ്ങളും ആരോഗ്യവും വിജയാശംസകളും സ്നേഹത്തോടെ അർപ്പിക്കുന്നു.
ആദ്യമായി അദ്ദേഹത്തെയും കുടുംബത്തെയും ഞാൻ കാണുന്നത് അദ്ദേഹം പാർട്ടി സെക്രട്ടറി ആയിരിക്കുമ്പോൾ ആണ്.നമ്മൾ എല്ലാവരും അദ്ദേഹത്തെപ്പറ്റി കേട്ടിട്ടുള്ള വിശേഷണങ്ങളാണ് കർക്കശക്കാരൻ മിതഭാഷി എന്നൊക്കെ. പക്ഷേ അദ്ദേഹത്തിനെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് കൈരളി ടിവിയിൽ ഇൻറർവ്യൂ ചെയ്യാൻ എനിക്കൊരു ഭാഗ്യമുണ്ടായി. ഇൻറർവ്യൂ ഒന്നും ചെയ്തു മുൻപരിചയമില്ലാത്ത എനിക്ക് ടെൻഷനായിരുന്നു എന്താണ് ചോദിക്കേണ്ടത് എങ്ങനെയാണ് ചോദിക്കേണ്ടത് എന്നൊക്കെ. നീ സാധാരണ എന്തെങ്കിലും സംസാരിക്കുന്നപോലെ വിജയേട്ടനോട് സംസാരിച്ചാൽ മതി എന്ന് കണ്ണൂർ ഭാഷയിൽ ആശ്വസിപ്പിച്ചത് കമലാന്റിയാണ്’, നവ്യ മുൻപ് പറഞ്ഞിരുന്നു.
പിണറായി മുഖ്യമന്ത്രിയായ ശേഷവും അദ്ദേഹവുമായും കുടുംബവുമായും വളരെയടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നവ്യ പ്രശംസാവാചകങ്ങളുമായി പാര്‍ട്ടി പത്രത്തിലും ചാനലിലും പ്രശംസയുമായി രംഗത്ത് വരാറുണ്ടായിരുന്നു. ഈ നവ്യയെ ആണ് അപ്രതീക്ഷിതമായി ബി.ജെ.പി സംഘടിപ്പിച്ച പരുപാടിയിൽ കണ്ടത്. ഇതാണ് ഇടത് കേന്ദ്രങ്ങളിലെ ഞെട്ടലിന് കാരണം. യുവം പരിപാടിയില്‍ നൃത്ത പരിപാടി അവതരിപ്പിച്ച നവ്യ, ശേഷം പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടുകയും ചെയ്തു. നരേന്ദ്ര മോദിയുടെ കാല്‍തൊട്ട് വന്ദിക്കാന്‍ ശ്രമിച്ച് നടി ശ്രദ്ധ പിടിച്ചു പറ്റി . രണ്ടാംനിരയില്‍ ഇരുന്ന നവ്യ മോദി വേദിയിലെത്തിയ ശേഷം കൈകൂപ്പി വണങ്ങിയിട്ടാണ് കാല്‍ തൊട്ട് വന്ദിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ പ്രധാനമന്ത്രി അതിന് സമ്മതിച്ചില്ല.
Post Your Comments