തിരുവനന്തപുരം: കോഴിക്കോട് ഇയ്യാട് സ്വദേശി അൽ അമീന്റെ മരണത്തിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി. താമരശ്ശേരി ഡിവൈഎസ്പിക്കാണ് പ്രത്യേക അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. അൽ അമീന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ ഫെബ്രുവരി 26 ന് വൈകിട്ട് 7 മണിയോടെയാണ് കോഴിക്കോട് ഉണ്ണികുളം ഈയ്യാട് സ്വദേശിയായ അൽ അമീൻ വീട്ടിൽ നിന്നും പോകുന്നത്. സുഹൃത്തുകൾക്കൊപ്പം പുറത്ത് പോകുന്നുവെന്നാണ് മാതാപിതാക്കളോട് പറഞ്ഞത്. ഏറെ വൈകിയും അൽ അമീനെ കാണാതായതോടെ മാതാവ് ഫോണിൽ ബന്ധപ്പെട്ടു.
കാണാതായതിന്റെ പിറ്റേ ദിവസം മുതൽ അമീനിന്റെ ഫോൺ പ്രവർത്തന രഹിതമായി. സുഹൃത്തിനു വിളിച്ചപ്പോൾ ഒപ്പം ഉണ്ടെന്ന് പറഞ്ഞു. പിന്നീട് ഒരു വിവരവും ലഭിച്ചില്ല. ഇതോടെ കുടുംബം പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് സമീപത്തെ വീടിന്റെ കിണറ്റിൽ മൃതദേഹം കണ്ടെത്തുന്നത്.
മകന്റെ മരണം കൊലപാതകമാണ് എന്നതാണ് ഈ കുടുംബത്തിന്റെ ആരോപണം. ആത്മഹത്യക്കോ അപകടത്തിൽ കിണറ്റിൽ വീണ് മരിക്കാനോ സാധ്യത ഇല്ലെന്നു കുടുംബം പറയുന്നു.
Post Your Comments