ന്യൂഡൽഹി: ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ്ങിനെ പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ മോഗയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പോലീസ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. അമൃത്പാൽ സിങ്ങിനെ ആസാമിലേക്ക് ഉടൻ മാറ്റും. പഞ്ചാബിലെ മോഗ ജില്ലയിലെ റോടെ ഗ്രാമത്തില്‍ ഗുരുദ്വാരയില്‍ അനുയായികളെ അഭിസംബോധന ചെയ്ത് സംസാരിച്ച ശേഷമായിരുന്നു ഇയാൾ പോലീസിൽ കീഴടങ്ങിയത്. മറ്റ് വഴികളൊന്നുമില്ലാതെയായിരുന്നു അമൃത്പാലിന്റെ കീഴടങ്ങൽ.
പോലീസ് ഗുരുദ്വാര വളഞ്ഞുവെന്ന് മനസിലാക്കിയ അമൃത്പാല്‍ കീഴടങ്ങാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. ഗുരുദ്വാരയുടെ പവിത്രത കണക്കിലെടുത്ത് പോലീസ് അവിടേക്ക് കയറിയിരുന്നില്ല. സിംഗ് ഒരു ഗുരുദ്വാരയ്ക്കുള്ളിലാണെന്നും അദ്ദേഹത്തെ അറസ്റ്റുചെയ്യുമ്പോൾ ഗുരുദ്വാരയുടെ അന്തസ്സ് കാത്തുസൂക്ഷിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. ദേശീയ സുരക്ഷാ നിയമപ്രകാരം അമൃത്പാൽ സിംഗിനെ ദിബ്രുഗഢിലേക്ക് അയച്ചിട്ടുണ്ടെന്നും വിശദമായി ചോദ്യം ചെയ്യുമെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
‘ഇന്ന് രാവിലെ 6:45 ഓടെ ഗ്രാമമായ റോഡിൽ വച്ചാണ് അമൃത്പാൽ സിംഗിനെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തത്. ഞങ്ങൾ സംയമനത്തോടെ അമൃത്പാലിനെ വളഞ്ഞു, അദ്ദേഹത്തിന് രക്ഷപ്പെടാൻ ഒരു വഴിയുമില്ല, ഞങ്ങൾ കാത്തിരുന്നു, ഗുരുദ്വാരയുടെ വിശുദ്ധി നിലനിർത്താൻ ഞങ്ങൾ അകത്തേക്ക് പ്രവേശിച്ചില്ല.’, മുതിർന്ന പോലീസ് ഓഫീസർ സുഖ്‌ചെയിൻ സിംഗ് പറഞ്ഞു.
മാർച്ച് 18 മുതൽ അമൃത്പാൽ സിങ്ങും വാരിസ് പഞ്ചാബ് ദേയുടെ അംഗങ്ങളും ഒളിവിലാണ്. ഇവർക്കായി പൊലീസ് വ്യാപക തിരച്ചിൽ നടത്തിവരികയായിരുന്നു. കൊലപാതക ശ്രമം, പൊലീസിനെ ആക്രമിക്കൽ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അമൃത്പാൽ സിങ്ങും കൂട്ടാളികളും. നേരത്തെ അമൃത്പാൽ സിങ്ങിന്റെ വിഡിയോകൾ പുറത്തു വന്നിരുന്നു. വിഡിയോകളിലൊന്നിൽ കീഴടങ്ങാൻ അമൃത്പാൽ സിങ് ഉപാധിവെച്ചിരുന്നു.
Post Your Comments