അങ്കമാലി: നിയന്ത്രണം വിട്ട കാറിടിച്ച് പ്രാർത്ഥനക്ക് പോവുകയായിരുന്ന കാൽനടയാത്രക്കാരി മരിച്ചു. നെടുമ്പാശ്ശേരി പൊയ്ക്കാട്ടുശ്ശേരി കോച്ചാട്ട് വടക്കൻ വീട്ടിൽ കുഞ്ഞുമോൻ്റെ (റിട്ട. പോസ്റ്റുമാൻ) ഭാര്യ ചിന്നമ്മയാണ് (69) മരിച്ചത്.
ചെങ്ങമനാട്- മാള റോഡിൽ പൊയ്ക്കാട്ടുശ്ശേരി ഗവ: എൽ.പി സ്കൂൾ കവലയിൽ ‘മിൽമ’ സഹകരണ സംഘത്തിന് സമീപം ഞായറാഴ്ച രാവിലെ 7.10-ന് ആയിരുന്നു അപകടം നടന്നത്. മാള ഭാഗത്ത് നിന്ന് വരുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് ചിന്നമ്മയെ ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ ചിന്നമ്മ 50 അടിയോളം ദൂരെ തെറിച്ചു വീഴുകയായിരുന്നു. വഴിയോരത്തെ വീടിൻ്റെ ഗേറ്റും തകർത്താണ് കാർ നിന്നത്. അവശനിലയിലായ ചിന്നമ്മയെ നാട്ടുകാർ ആംബുലൻസിൽ കയറ്റി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചിന്നമ്മ പൊയ്ക്കാട്ടുശ്ശേരി കാരുണ്യ കുടുംബശ്രീ അംഗമാണ്. മക്കൾ: ബേസിൽ, അനിൽ. മരുമക്കൾ: എൽസ, ജോസ്ന (എല്ലാവരും യു.കെ) സംസ്ക്കാരം പൊയ്ക്കാട്ടുശ്ശേരി മോർ ബഹനാം യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ പിന്നീട് നടക്കും.
Post Your Comments