ന്യൂഡൽഹി: അപകീർത്തിക്കേസിൽ കീഴ്ക്കോടതി വിധി ജില്ലാ കോടതിയും ശരിവെച്ചതോടെ രാഹുൽ ഗാന്ധിക്ക് ഔദ്യോഗിക വസതി ഒഴിയേണ്ടി വന്നിരുന്നു. വീട് ഒഴിയേണ്ടി വന്നതിൽ വികാരഭരിതനായി ടി.എൻ പ്രതാപൻ എം.പി. എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതോടെയാണ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം വീടൊഴിഞ്ഞത്. ഈ രാജ്യത്തിന് വേണ്ടി എല്ലാം ത്യജിച്ച ഒരു കുടുംബത്തിന്റെ പുതുതലമുറ ഇന്ന് ഈ രാജ്യത്തിന് വേണ്ടി തെരുവിൽ തന്നെയുണ്ടെന്നും, രാഹുൽ ഗാന്ധിക്ക് തന്റെ വീട് സ്വന്തം വീട് പോലെ കാണാമെന്നും പ്രതാപൻ പറഞ്ഞു.
‘ജവഹർലാൽ നെഹ്റു തന്റെ സ്വത്തിൽ നിന്ന് പൊതുഖനജനവിലേക്ക് 192 കോടി രൂപ സംഭാവനയായി നൽകി. ഇന്നത്തെ 12000 കോടി രൂപയെങ്കിലും മൂല്യം വരും അത്. തന്റെ കൈയിലുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ മുഴുവൻ ഇന്ദിരാ ഗാന്ധി ഇന്ത്യൻ സൈന്യത്തിന്റെ ക്ഷേമനിധിയിലേക്ക് സംഭാവന നൽകി. ഇന്ദിരയും രാജീവും ഈ മണ്ണിന് വേണ്ടി അവരുടെ ജീവനും രക്തവും നൽകി. ഇപ്പോൾ സത്യം പറയുന്നതിന്റെ പേരിൽ രാഹുൽ ഗാന്ധിയെ ഔദ്യോഗിക വസതിയിൽ നിന്ന് പുറത്താക്കാനുള്ള ചട്ടങ്ങൾ അവർ കെട്ടി’, പ്രതാപൻ കുറിച്ചു.
ടി.എൻ പ്രതാപന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
അലഹബാദിലെ ആനന്ദ ഭവനും, സ്വരാജ്യ ഭവനും മോത്തിലാൽ നെഹ്‌റു പണികഴിപ്പിച്ചതാണ്. നെഹ്‌റു കുടുംബത്തിന്റെ തറവാട് എന്നുപറയാം. പക്ഷെ, ഇന്നത് സർക്കാർ സ്വത്താണ്. ആ കുടുംബവീട് അവർ രാജ്യത്തിന് നൽകി. ജവഹർലാൽ തന്റെ സ്വത്തിൽ നിന്ന് പൊതുഖനജനവിലേക്ക് 192 കോടി രൂപ സംഭാവനയായി നൽകി. ഇന്നത്തെ 12000 കോടി രൂപയെങ്കിലും മൂല്യം വരും അത്. തന്റെ കൈയിലുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ മുഴുവൻ ഇന്ദിരാ ഗാന്ധി ഇന്ത്യൻ സൈന്യത്തിന്റെ ക്ഷേമനിധിയിലേക്ക് സംഭാവന നൽകി.
ഇന്ദിരയും രാജീവും ഈ മണ്ണിന് വേണ്ടി അവരുടെ ജീവനും രക്തവും നൽകി. ഇപ്പോൾ സത്യം പറയുന്നതിന്റെ പേരിൽ, അഴിമതിക്കാരുടെ പൊയ്‌മുഖങ്ങൾ തുറന്നുകാട്ടുന്നതിന്റെ പേരിൽ, വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ പെട്ടിക്കടയെങ്കിലും തുറക്കുമെന്ന് ശപഥം ചെയ്തിറങ്ങിയതിന്റെ പേരിൽ രാഹുൽ ഗാന്ധിയെ ഔദ്യോഗിക വസതിയിൽ നിന്ന് പുറത്താക്കാനുള്ള ചട്ടങ്ങൾ അവർ കെട്ടി. ഇന്ന്, തുഗ്ലക് ലൈനിലെ തന്റെ ഔദ്യോഗിക വസതിയിൽ നിന്ന് രാഹുൽ താമസം ഒഴിഞ്ഞു. ഈ രാജ്യത്തിന് വേണ്ടി എല്ലാം ത്യജിച്ച ഒരു കുടുംബത്തിന്റെ പുതുതലമുറ ഇന്ന് ഈ രാജ്യത്തിന് വേണ്ടി തെരുവിൽ തന്നെയുണ്ട്. പ്രിയപ്പെട്ട രാഹുൽ ഗാന്ധി, എന്റെ വീട് അങ്ങയുടെ വീടാണ്.
Post Your Comments