കോഴിക്കോട്: കൊയിലാണ്ടിയില്‍ ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെ 12കാരന്‍ മരിച്ച സംഭവത്തില്‍ ദുരൂഹത. ഐസ്‌ക്രീമില്‍ വിഷം കലര്‍ന്നിരുന്നതായി പൊലീസ് കണ്ടെത്തി. പിന്നാലെ കുട്ടിയുടെ ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ പിതൃ സഹോദരി താഹിറയെയാണ് ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന്‍ അഹമ്മദ് ഹസന്‍ റിഫായി മരിച്ചത്.
ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെ ഛര്‍ദിയെ തുടര്‍ന്ന് കുട്ടിയെ തൊട്ടടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. പിന്നീട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകുന്നത് കണ്ട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ചികിത്സയിലിരിക്കെ കുട്ടി മരിച്ചു. തുടക്കം മുതല്‍ മരണകാരണം ഭക്ഷ്യവിഷബാധയാണെന്ന സംശയമാണ് ഉയര്‍ന്നിരുന്നത്. തുടര്‍ന്ന് ഐസ്‌ക്രീം വിറ്റ കട ഉടനെ അടപ്പിച്ചു. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഥ മാറി.
പോസ്റ്റുമോര്‍ട്ടത്തില്‍ ഐസ്‌ക്രീമില്‍ വിഷം കലര്‍ന്നതായി കണ്ടെത്തി. ഇതോടെ കൊലപാതക സാധ്യത കൂടി പരിശോധിക്കാന്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് അടുത്ത ബന്ധുക്കളെ ചോദ്യം ചെയ്തു. ഇതോടെ കുട്ടിയുടെ പിതാവിന്റെ സഹോദരി താഹിറയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാല്‍ കുട്ടിയെ ആയിരുന്നില്ല അമ്മയെയാണ് ലക്ഷ്യമിട്ടിരുന്നതെന്ന് ഇവര്‍ മൊഴി നല്‍കിയെന്നാണ് വിവരം. ഇവരെ കൂടുതല്‍ ചോദ്യം ചെയ്ത് സംഭവത്തില്‍ വ്യക്തത വരുത്താനാണ് പൊലീസിന്റെ നീക്കം. ഇതുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരിശോധന ഫലം കൂടി വരാനുണ്ട്.
Post Your Comments