മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ ചര്‍ച്ചയായി എന്‍സിപി നേതാവ് അജിത് പവാറിന്റെ വിമത നീക്കം. ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ അജിത് നീക്കം ആരംഭിച്ചുവെന്നാണ് സംസ്ഥാനത്ത് നിന്ന് പുറത്ത് വരുന്ന വാര്‍ത്തകള്‍. പാര്‍ട്ടി എംഎല്‍എമാരുമായി അജിത് പവാര്‍ ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. ബിജെപിയിലേക്കെന്ന വാര്‍ത്തകള്‍ നിഷേധിച്ച് നേരത്തെ അജിത് പവാര്‍ രംഗത്തെത്തിയിരുന്നു.
എന്നാല്‍, ബിജെപിയുമായി സഖ്യമുണ്ടാക്കി ഏക്‌നാഥ് ഷിന്‍ഡേയുടെ പിന്‍ഗാമിയായി മഹാരാഷ്ട്ര സര്‍ക്കാര്‍ തലപ്പത്തിരിക്കുന്നതിനുള്ള നീക്കങ്ങള്‍ അജിത് പവാര്‍ അണിയറയില്‍ സജീവമാക്കിയിരിക്കുകയാണെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 53 എന്‍സിപി എംഎല്‍എമാരില്‍ 40 പേരുടെ പിന്തുണ അജിത് പവാറിനുണ്ടെന്നാണ് വിവരം. എംഎല്‍എമാരുടെ പട്ടിക സമയമാകുമ്പോള്‍ ഗവര്‍ണര്‍ക്ക് നല്‍കുമെന്ന് പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു.
ശരദ് പവാര്‍ മൗനം തുടരുന്നത് അഭ്യൂഹങ്ങള്‍ക്ക് ശക്തിപകരുന്നുണ്ട്. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ അജിത് പവാര്‍ ശ്രമിച്ചിരുന്നു. അന്ന് ശരദ് പവാറിന്റെ ഇടപെടലാണ് അദ്ദേഹത്തെ പിന്തിരിപ്പിച്ചത്. തുടര്‍ച്ചയായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയുള്ള അജിത് പവാറിന്റെ പ്രസ്താവനകളാണ് കൂടുമാറ്റ അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്.
മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുമായും ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ ദേവേന്ദ്ര ഫഡ്‌നാവിസുമായും അജിത് കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ഗ്രീന്‍ ലൈറ്റ് വന്നാല്‍ ഉടന്‍ തന്നെ അജിത്തിന്റെ ബിജെപി സഖ്യമുണ്ടാകുമെന്നാണ് ദേവേന്ദ്ര ഫഡ്‌നാവിസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന എംഎല്‍എ രവി റാണ പ്രതികരിച്ചത്.
Post Your Comments