തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസിന് ഷൊർണൂരിലും ചെങ്ങന്നൂരിലും സ്റ്റോപ് അനുവദിക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഇക്കാര്യം ആവശ്യപ്പെട്ട് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് മുരളീധരൻ നിവേദനം നൽകി. റെയിൽവേ മന്ത്രിയെ നേരിൽക്കണ്ടാണ് വി മുരളീധരൻ നിവേദനം നൽകിയത്.
ശബരിമല തീർഥാടകർ ആശ്രയിക്കുന്ന ചെങ്ങന്നൂരിനെയും കേരളത്തിലെ വലിയ സ്റ്റേഷനുകളിൽ ഒന്നായ ഷൊർണൂരിനെയും സർവീസിന്റെ ഭാഗമാക്കണമെന്ന് വി മുരളീധരൻ പറഞ്ഞു.
അതേസമയം, വന്ദേഭാരത് എക്സ്പ്രസ് കാസർഗോഡ് വരെ നീട്ടി. കേരളത്തിന് അനുവദിച്ച വന്ദേഭാരതിന്റെ യാത്ര തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയാക്കി. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നിരവധി പേരുടെ ആവശ്യം പരിഗണിച്ചാണ് നടപടി.
പാളങ്ങൾ നവീകരിക്കും. രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും പാളങ്ങൾ നവീകരിക്കുകയെന്നും അദ്ദേഹം വിശദമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വന്ദേഭാരതിന്റെ കേരളത്തിലെ ഫ്ളാഗ് ഓഫ് നിർവ്വഹിക്കുക. 25-ാം തിയതിയാകും വന്ദേ ഭാരത് മോദി കേരളത്തിന് സമർപ്പിക്കുകയെന്നും മന്ത്രി അറിയിച്ചു.
70 മുതൽ 110 കിലോമീറ്റർ വരെയാകും കേരളത്തിലെ വിവിധ മേഖലകളിൽ വന്ദേഭാരതിന്റെ നിലവിലെ വേഗത. ഫേസ് ഒന്ന് കേരളത്തിൽ ഒന്നര വർഷത്തിനകം പൂർത്തിയാക്കും. ഫേസ് 2 പൂർത്തിയായാൽ കേരളത്തിൽ 130 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments