കണ്ണൂരിലെ മുസ്ലിം വിവാഹങ്ങളെക്കുറിച്ച് പുതിയ സിനിമയുടെ പ്രൊമോഷനിടെ നിഖില വിമൽ പറഞ്ഞ കാര്യങ്ങൾ വൻ വിവാദങ്ങൾക്ക് വഴി തെളിച്ചിരിക്കുകയാണ്. വിവാഹ സൽക്കാരത്തിന് സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള അന്തരമാണ് നിഖില ചൂണ്ടിക്കാട്ടിയത്. നിഖിലയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് ജംഷീർ പള്ളിപ്രം രംഗത്ത്. നിഖില പറഞ്ഞത് സത്യമാണെന്നും കണ്ണൂരിലെ മുസ്ലിം കല്യാണ വീടുകളിൽ സ്ത്രീകളുടെ സ്ഥാനം അടുക്കള ഭാഗത്താണെന്നും ജംഷീർ പറയുന്നു.
ജംഷീർ പള്ളിപ്രത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
നിഖില വിമൽ പറഞ്ഞത് സത്യമാണ്. കണ്ണൂരിലെ മുസ്ലിം കല്യാണ വീടുകളിൽ സ്ത്രീകളുടെ സ്ഥാനം അടുക്കള ഭാഗത്താണ്. പുരുഷന്മാർ വീടിന്റെ മുന്നിലും.
മുസ്ലീങ്ങളെ വിമർശിക്കാൻ പാടില്ല എന്നുണ്ടോ..?
വിമർശനങ്ങളുണ്ടാവുമ്പോൾ വിമർശനങ്ങളിലെ മെരിറ്റ് പരിശോധിക്കുകയോ ആവശ്യമെങ്കിൽ തിരുത്തുകയോ ചെയ്യുന്നതിന് പകരം വിമർശിക്കുന്നവരെ സൈബർ ലിഞ്ചിംഗ് ചെയ്യുന്ന രീതി ജനാധിപത്യമല്ല.
വീടിന്റെ മുന്നിൽ പുരുഷന്മാരെ ആനയിച്ച് കയറ്റി ഇരുത്തുകയും സ്ത്രീകളെ പിന്നിലേക്ക് മറയ്ക്കുകയും ചെയ്യുന്ന കാഴ്ച ഇവിടെയുള്ള ഓരോ കല്യാണ വീടുകളിലും കാണാം. വീടിന്റെ ഇരുവശങ്ങളിലും സ്പേസുണ്ടായാലും അടുക്കള ഭാഗത്തെ ചെറിയൊരു സ്പേസിൽ സ്ത്രീകളെ ഒതുക്കുന്നത് കണ്ടിട്ടുണ്ട്.
വിവാഹത്തിനായാലും ശേഷം നടക്കുന്ന കുടുംബക്കാരുടെ വീടുകളിലെ വിരുന്നുകളായാലും സ്ത്രീകളുടെ സ്ഥാനം അവസാനമാണ്.
ഘടാഘടിയരായ പുരുഷന്മാർ തിന്നു കഴിഞ്ഞ് അവസാനം ബാക്കിയുള്ളത് സ്ത്രീകൾ കഴിക്കണം. കുടുംബത്തിൽ പോലും സ്ത്രീകൾക്കും പുരുഷനും ഒന്നിച്ചു ഭക്ഷണം കഴിക്കാനുള്ള സാമൂഹികപരിസരം ഇതുവരെ ഉണ്ടായിട്ടില്ല.
നിങ്ങൾക്ക് ഇഷ്ടമില്ലാത്ത പറയുന്നവരെ ഒക്കെ ലിഞ്ചിംഗ് ചെയ്തു നിശബ്ദമാക്കാൻ ശ്രമിക്കുന്നത് സംഘിസമാണ്. അല്ലെങ്കിൽ നിഖില വിമൽ പറഞ്ഞതിലെ പ്രശ്നം എന്താണെന്ന് കൂടി പറയണം.
ആരോഗ്യകരമായ വിമർശനങ്ങളെ അസഹിഷ്ണതയോടെ സമീപിക്കുന്നത് ഏതായാലും നല്ലതല്ല.
നിഖില പറഞ്ഞത് നൂറ് ശതമാനം വസ്തുതയാണ്. സ്ത്രീകളെ രണ്ടാം നിരവിഭാഗമായി തന്നെയാണ് ഇവിടെ കാണുന്നത്.
കല്യാണ വീടിന്റെ മുൻവശത്തായാലും അടുക്കള ഭാഗത്തായാലും ഒരുപോലെയല്ലെ എന്ന് ചിന്തിക്കുന്നവരുണ്ടാകും. ഞാന് കണ്ട കണ്ണൂരിലെ ഒരു വിവാഹ വീട്ടിലെയും മുൻവശവും അടുക്കളവശവും ഒരിക്കലും ഒരുപോലെയായിരുന്നില്ല.
മുന്നിലാണെങ്കിൽ വർണ്ണാഭമായ ലൈറ്റുകൾ ഉണ്ടാവും. വെള്ളത്തുണികൊണ്ട് അലങ്കരിച്ചിട്ടുണ്ടാവും ഏറ്റവും മനോഹരമായ പന്തലായിരിക്കും.
അടുക്കള ഭാഗത്ത് വരുമ്പോൾ ഏറ്റവും പഴകിയ പന്തലാണുണ്ടാവുക. ഡെക്കറേഷൻ ബൾബുകൾ ഉണ്ടാവില്ല. പന്തലിന് താഴെ വെള്ളത്തുണിയുണ്ടാവില്ല.
ഈ രണ്ട് സ്ഥലങ്ങൾക്കും തുല്യപരിഗണനയല്ല നൽക്കുന്നതെന്നും അതേ വിവേചനപരമായ പരിഗണന തന്നെയാണ് അവിടെയിരുത്തുന്ന മനുഷ്യർക്ക് നൽകുന്നതെന്നും മനസ്സിലാക്കാൻ സാധിക്കാത്തവരോട് ഒന്നുംപറയാനില്ല. ആ നിങ്ങൾ പറയുന്ന ജാതി-സ്വത്വ രാഷ്ട്രീയം പോലും കപടമായിപോകും.
Post Your Comments