പന്തളം: നിയന്ത്രണംവിട്ട ടോറസ് ലോറി കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഇരുനില കെട്ടിടം ഭാഗികമായി തകര്‍ന്നു. സ്ഥലത്തുണ്ടായിരുന്ന രണ്ടുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഞായറാഴ്ച രാവിലെ 7.30 ഓടെ പന്തളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്ത് പന്തളം തോന്നല്ലൂര്‍ കാവില്‍ കൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള ബഹുനില കെട്ടിടത്തിലേക്കാണ് ലോറി ഇടിച്ചു കയറിയത്. ദേശീയപാത നിര്‍മാണത്തിനുള്ള മണ്ണുമായി പോകുകയായിരുന്ന ടോറസ് ലോറി നിയന്ത്രണംവിട്ട് റോഡിന് ഇടതുവശത്തേക്കുള്ള കെട്ടിടത്തിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു.
Read Also : സുഡാനില്‍ കൊല്ലപ്പെട്ട മലയാളി ആൽബർട്ടിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി
രശ്മി ടൂവീലര്‍ വര്‍ക്ക്ഷോപ്പ് ഉടമ പന്തളം, മങ്ങാരം, കുന്നിക്കുഴി കിഴക്കേതില്‍ രമേശനും വാഹനം നന്നാക്കാനായി എത്തിയ പടനിലം സ്വദേശി വിനോദും വര്‍ക്ക്ഷോപ്പില്‍ ഉണ്ടായിരുന്നു. തൊട്ടടുത്ത മുറിയിലേക്ക് ലോറി ഇടിച്ചു കയറിയതോടെ ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കെട്ടിടത്തിന്റെ ഭിത്തി തകര്‍ന്ന് മേല്‍ക്കൂര ഉള്‍പ്പെടെ നീങ്ങി കെട്ടിടത്തിന്റെ എല്ലാ വശത്തും ഭിത്തിയില്‍ ഉടനീളം വിള്ളലും രൂപപ്പെട്ടു.
സമീപത്ത് തട്ടുകട ഉണ്ടായിരുന്നെങ്കിലും ഞായറാഴ്ച ആയതിനാല്‍ തുറന്നു പ്രവര്‍ത്തിക്കാതിരുന്നതും തിരക്കില്ലാതിരുന്നതും കാരണം വന്‍ ദുരന്തം ഒഴിവായി. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടകാരണമെന്ന് പ്രാഥമിക നിഗമനം. അപകടത്തില്‍ സമീപത്തെ ഉണ്ടായിരുന്ന ബൈക്കുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
Post Your Comments