![](/wp-content/uploads/2023/04/mobile.jpg)
പത്തനംതിട്ട: മൊബൈല്‍ ഷോപ്പില്‍ നിന്ന് പട്ടാപ്പകല്‍ മൊബൈല്‍ മോഷ്ടിച്ച സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പ്രതിക്കായി പൊലീസ് തിരച്ചില്‍ ഊർജിതമാക്കി. കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപത്തെ ഗ്ലോബല്‍ മൊബൈല്‍ ഷോപ്പില്‍ ആണ് മോഷണം നടന്നത്. ഫോണ്‍ സര്‍വീസ് ചെയ്യാന്‍ എന്ന വ്യാജേനെ എത്തിയാണ് മോഷ്ടാവ് കടയില്‍ നിന്ന് പുതിയ ഫോണ്‍ കവര്‍ന്ന് കടന്നു കളഞ്ഞത്.
വെള്ളിയാഴ്ച വൈകീട്ടാണ് മോഷണം നടന്നത്. മോഷ്ടാവ് സര്‍വീസിംഗിനെന്ന് പറഞ്ഞ് കൊണ്ട് വന്ന ഫോണ്‍ കടക്കാരന്‍ അകത്തേക്ക് കൊണ്ട് പോയ തക്കം നോക്കിയാണ് ഇയാള്‍ ഫോണ്‍ കവര്‍ന്നത്. കടയില്‍ ഡിസ്‌പ്ലേ ചെയ്തിരിക്കുന്ന പുതിയ ഫോണ്‍ മോഷ്ടിച്ച ശേഷം ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തി ഇയാള്‍ കടയില്‍ നിന്ന് മുങ്ങുന്നത് സിസിടിവിയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
പത്തനംതിട്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ആള്‍ തന്നെയാണ് മൊബൈലും മോഷ്ടിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. നിലവില്‍ പ്രതി ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് ഊര്‍ജിതമായ തെരച്ചില്‍ നടത്തിവരികയാണ്.
Post Your Comments