രക്തക്കണ്ണീർ പൊഴിക്കുന്ന കന്യകാ മറിയത്തിന്റെ രൂപമാണ് തന്റെ കൈവശമുള്ളതെന്ന അവകാശവാദവുമായി അനേകം ജനങ്ങളെ ആകർഷിച്ച സിസിലി സ്വദേശിയായ മരിയ ഗ്യൂസെപ്പെ സ്കാർപുല്ല എന്ന സ്ത്രീയെ കാണാനില്ലെന്ന് റിപ്പോർട്ടുകൾ. ഇവരുടെ ഭർത്താവും ഒളിവിലാണെന്ന് പോലീസ് പറയുന്നു. പന്നിയുടെ രക്തം ഉപയോഗിച്ചാണ് ഇവർ രക്തപ്പാടുകൾ ഉണ്ടാക്കിയത് എന്ന് പോലീസ് കണ്ടെത്തിയതിനെ തുടർന്ന് ഇവർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. വിശ്വാസികളെ കബളിപ്പിച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തത്.
2016-ലാണ് സ്കാർപുല്ല ബോസ്നിയയിലെ മെഡ്ജുഗോർജിലുള്ള ഒരു കത്തോലിക്കാ ദേവാലയത്തിൽ നിന്ന് കന്യകാമറിയത്തിന്റെ രൂപം വാങ്ങിയത്. വീട്ടിലെത്തിയപ്പോൾ തനിക്ക് മാതാവിൽ നിന്നു ചില സന്ദേശങ്ങൾ ലഭിച്ചെന്നും ഈ രൂപത്തിൽ നിന്നും രക്തക്കണ്ണീർ ഒഴുകാൻ തുടങ്ങി എന്നുമുള്ള അവകാശവാദവുമായി ഇവർ രംഗത്തെത്തി. എല്ലാ മാസത്തിലെയും മൂന്നാമത്തെ ദിവസം, നൂറുകണക്കിന് തീർത്ഥാടകർ പ്രാർത്ഥിക്കുന്നതിനും ദൈവത്തിൽ നിന്നുള്ള പുതിയ വെളിപാടുകൾ അറിയുന്നതിനുമായി സ്കാർപുല്ലയുടെ വീട്ടിൽ ഒത്തുകൂടാൻ തുടങ്ങി. ഇവരിൽ പലരും മാരകമായ രോഗങ്ങൾ ഭേദമാകുമെന്ന് പ്രതീക്ഷിച്ചാണ് എത്തിയിരുന്നത്.
പിന്നാലെ പ്രദേശത്തെ ബിഷപ്പായ മാർക്കോ സാൽവി ഇത് അന്വേഷിക്കുമെന്ന് അറിയിച്ചു. തങ്ങൾ പറ്റിക്കപ്പെടുകയാണ് എന്ന് ഇവിടെയെത്തിയ ചിലർ തന്നെ തന്നോടു പറഞ്ഞതായി പ്രൈവറ്റ് ഡിറ്റക്ടീവ് ആയ ആൻഡ്രിയ കാസിയോട്ടി പോലീസിനെ അറിയിച്ചിരുന്നു. തുടർന്നാണ് അന്വേഷണം ഉണ്ടായത്. തട്ടിപ്പാണെന്ന് മനസ്സിലായതോടെ ഇവർക്കെതിരെ കേസെടുത്തു. ഇതോടെ ഭർത്താവും ഇവരും ഒളിവിൽ പോകുകയും ചെയ്തു.
Post Your Comments