അഞ്ചല്‍: കെഎസ്ആര്‍ടിസി ബസിലെ വനിതാ കണ്ടക്ടറുടെ പണവും മൊബൈല്‍ഫോൺ, തിരിച്ചയറിയല്‍ രേഖകള്‍ എന്നിവ ഉള്‍പ്പടുന്ന പേഴ്സ് ബസില്‍ നിന്നും മോഷ്ടിച്ച പ്രതി പിടിയില്‍. പരവൂര്‍ പൂക്കുളം സുനാമി ഫ്ലാറ്റില്‍ സുരേഷി(38)നെയാണ് അറസ്റ്റ് ചെയ്തത്. അഞ്ചല്‍ പൊലീസ് ആണ് പിടികൂടിയത്.
കഴിഞ്ഞ ഫെബ്രുവരിയിൽ അഞ്ചല്‍ ഗോകുലം ടവറിനു സമീപം വച്ചാണ് സംഭവം. ചടയമംഗലം ഡിപ്പോയിലെ വനിതാ കണ്ടക്ടറുടെ പേഴ്സും പണവും ഫോണും അടക്കം ബസിനുള്ളില്‍ നിന്നും സുരേഷ് കവര്‍ച്ച ചെയ്യുകയായിരുന്നു. തുടര്‍ന്ന്, ഇവരുടെ പരാതിയില്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് അന്വേഷണം ആരംഭിച്ച പൊലീസ് കഴിഞ്ഞ ദിവസം പ്രതിയെ തിരിച്ചറിയുകയായിരുന്നു.
പിടിയിലായ സുരേഷില്‍ നിന്നും കവര്‍ച്ച ചെയ്ത 28000 രൂപ വിലവരുന്ന മൊബൈല്‍ഫോണ്‍ വീട്ടില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. പണം ചെലവഴിച്ച സുരേഷ് പേഴ്സും രേഖകളും ഉപേക്ഷിക്കുകയായിരുന്നു.
അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ജി ഗോപകുമാര്‍, എസ്ഐ പ്രജീഷ് കുമാര്‍, എഎസ്ഐ അജിത്ത് ലാല്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സന്തോഷ് ചെട്ടിയാര്‍, ബിനു വര്‍ഗീസ് സിവില്‍ പൊലീസ് ഓഫീസര്‍ ദീപു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments