
കൊച്ചി: കൊച്ചിയിലെ ലഹരി മാഫിയാ ഗുണ്ടാ സംഘങ്ങളെ പൂട്ടാൻ കൈ കോർത്ത് എക്‌സൈസും പോലീസും. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഗുണ്ടാ നേതാവും സഹായിയും അറസ്റ്റിലായി. വൈപ്പിൻ ലിബിൻ എന്ന ഗുണ്ടാ നേതാവും കൂട്ടാളി ഡാർക്ക് അങ്കിളുമാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും പിസ്റ്റളും പോലീസ് പിടിച്ചെടുത്തു.
കൊച്ചിയിലെ മയക്ക് മരുന്ന് കച്ചവടം നിയന്ത്രിച്ചിരുന്ന ഗുണ്ടാ നേതാവാണ് ഞാറക്കൽ സ്വദേശി ലിബിൻ. നായരമ്പലം കിടുങ്ങാശ്ശേരിക്കര സ്വദേശിയാണ് ഡാർക്ക് അങ്കിൾ എന്നറിയപ്പെടുന്ന ക്രിസ്റ്റഫർ റൂഫസ്. ലോഡ് ചെയ്ത കൈത്തോക്ക്, 3 ഗ്രാം എംഡിഎംഎ, 2 ഗ്രാം ചരസ് എന്നിവയാണ് ഇവരിൽ നിന്നും കണ്ടെടുത്തത്.
കൊച്ചിയിലെ പ്രമുഖ ഗുണ്ടാ സംഘത്തിലെ അംഗമായിരുന്ന വൈപ്പിൻ ലിബിൻ എന്നറിയപ്പെട്ടിരുന്ന ലിബിൻ ആ സംഘത്തിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് സ്വന്തമായി ഒരു ക്വട്ടേഷൻ ടീം രൂപപ്പെടുത്തിയിരുന്നു. ഇയാളുടെ സംഘത്തിലെ പ്രധാനി ആശാൻ സാബു എന്ന ശ്യാമിനെ കുറച്ചു നാൾ മുൻപ് എറണാകുളം എക്‌സൈസ് സ്‌പെഷ്യൽ അക്ഷൻ ടീം മയക്ക് മരുന്നുമായി പിടികൂടിയിരുന്നു. ഇയാൾ റിമാൻഡിൽ കഴിഞ്ഞ് വരവെയാണ് സംഘത്തലവനും എക്‌സൈസിന്റെ പിടിയിൽ ആകുന്നത്. വൈപ്പിൻ ലിബിന്റെ സംഘത്തിൽപ്പെട്ടവരാണ് ബാംഗ്ലൂരിൽ നിന്ന് വൻതോതിൽ രാസലഹരി കൊച്ചിയിലേക്ക് കടത്തികൊണ്ട് വന്നിരുന്നത്.
ഈ അടുത്ത് ക്വട്ടേഷൻ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടാൻ സാധ്യത ഉണ്ടെന്ന വിവരത്തെത്തുടർന്ന് പോലീസ് വൈപ്പിൻ ലിബിന്റെ താമസസ്ഥലത്ത് നടത്തിയ പരിശോധിച്ചതിൽ മൂർച്ചയേറിയ രണ്ട് വടിവാൾ കണ്ടെടുക്കുകയും ഞാറയ്ക്കൽ പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. തുടർന്ന് ജ്യാമ്യത്തിൽ ഇറങ്ങിയ ലിബിൻ വീണ്ടും എതിർ ടീമുമായി ഏറ്റുമുട്ടുകയും ഇയാളുടെ കൈപ്പത്തിക്ക് വെട്ടേറ്റ് ഒളിവിൽ കഴിഞ്ഞ് വരുകയുമായിരുന്നു.
എക്‌സൈസ് സംഘവും, ഞാറയ്ക്കൽ പോലീസ് ഇൻസ്‌പെക്ടർ രാജൻ കെ അരമനയുടെ മേൽ നോട്ടത്തിലുള്ള പോലീസ് സംഘവും കൂടി ചേർന്ന് ഇയാൾ ഒളിവിൽ താമസിക്കുന്ന സ്ഥലത്തെത്തി അർദ്ധരാത്രിയോടുകൂടി വീട് വളഞ്ഞു ഇയാൾ താമസിച്ചിരുന്ന വീടിന്റെ മുൻപിലും പിന്നിലുമുള്ള വാതിലുകൾ ഒരുമിച്ച് തകർക്കുകയും ഒരു പ്രതൃക്രമണത്തിന് സമയം കൊടുക്കാതെ വൈപ്പിൻ ലിബിനെ കീഴക്കുകയുമായിരുന്നു. ഈ സമയം വധശ്രമക്കേസിൽ പോലിസ് തിരയുന്ന ഇയാളുടെ ബന്ധുവായ ഡാർക്ക് അങ്കിൾ എന്ന ക്രിസ്റ്റഫർ റൂഫസ് ഇയാളോടൊപ്പം ഉണ്ടായിരുന്നു.
എറണാകുളം എൻഫോഴ്‌സ്‌മെന്റ് അസി. കമ്മീഷണറുടെ സ്‌പെഷ്യൽ അക്ഷൻ ടീമും, എക്‌സൈസ് ഇന്റലിജൻസും, ഞാറയ്ക്കൽ പോലീസും, എക്‌സൈസും ചേർന്നാണ് രാസലഹരിയുടെ കടത്തും വിൽപ്പനയും നിയന്ത്രിച്ച് വന്നിരുന്ന ഈ ഗുണ്ടാ ഗ്യാങ്ങിനെ പൂട്ടാൻ സ്പെഷ്യൽ ഓപ്പറേഷൻ നടത്തിയത്. എക്‌സൈസ് ഇന്റലിജൻസ് ഇൻസ്‌പെക്ടർ കെ മനോജ് കുമാർ, ഇൻസ്‌പെക്ടർ എം ഒ വിനോദ്, പോലീസ് സബ് ഇൻസ്പെക്ടർ അഖിൽ വിജയകുമാർ, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ എൻ ജി അജിത് കുമാർ, പ്രിവന്റീവ് ഓഫീസർ എസ് ജയകുമാർ, സിറ്റി മെട്രോ ഷാഡോ സിഇഒ എൻ ഡി ടോമി, സ്‌പെഷ്യൽ സ്‌ക്വാഡ് സിഇഒ ജെയിംസ് ടി പി, ഞാറയ്ക്കൽ പോലീസ് സിപിഒ വിനേഷ് വി വി, ഞാറയ്ക്കൽ എക്‌സൈസ് സിഇഒ കെ വി വിപിൻദാസ്, കെ കെ വിജു, എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.
Read Also: ഇന്ത്യ ബ്രൈറ്റ് സ്‌പോട്ട്, രാജ്യത്ത് തൊഴിലവസരങ്ങള്‍ കുത്തനെ ഉയര്‍ന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി
Post Your Comments