
അസാധ്യമായത് ഒന്നുമില്ലെന്ന തോന്നൽ ആയിരുന്നു ചെന്നൈയ്ക്ക് ഇന്നലെ ഉണ്ടായിരുന്നത്. രാജസ്ഥാൻ ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ ഇന്നിംഗ്സ് 172 റൺസിൽ അവസാനിച്ചെങ്കിലും അവസാന നിമിഷം വരെ ചെന്നൈ ആരാധകർ പ്രതീക്ഷ കൈവിട്ടിരുന്നില്ല. കാരണം ക്രീസിൽ ഉണ്ടായിരുന്നത് അവരുടെ നായകനായിരുന്നു, സാക്ഷാൽ എം.എസ് ധോണി. ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസിൻ്റെ സ്പിന്നർമാരുടെ അക്ഷീണ പരിശ്രമത്തിനൊടുവിൽ ചെന്നൈ സൂപ്പർ കിങ്ങ്സ് ആഴക്കടലിലേയ്ക്ക് മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു ധോണിയുടെ എൻട്രി.
ചെന്നൈയ്ക്ക് 30 പന്തുകളിൽ 63 റൺസ് ആവശ്യമുള്ളപ്പോഴായിരുന്നു ധോണിയുടെ കടന്നുവരവ്. ധോണി-ജഡേജ സഖ്യം അവസാനത്തെ അംഗീകൃത ബാറ്റിങ്ങ് ജോഡിയായിരുന്നു. ധോണിയുടെ കഴിവും കരുത്തും തെളിയിക്കുന്ന കളിയായിരുന്നു കഴിഞ്ഞത്. വിജയത്തിനടുത്ത് വരെയെത്തിയപ്പോഴും രാജസ്ഥാൻ പ്രതിസന്ധിയിലായിരുന്നു. വിജയം നേടുന്നത് വരെ ഉറപ്പിക്കാൻ കഴിയില്ലെന്ന ആശങ്കയായിരുന്നു അതിന് പിന്നിൽ. മത്സരശേഷം ധോണിയുടെ കളി മികവിനെ കുറിച്ച് സന്ദീപ് ദാസ് ഫേസ്‌ബുക്കിൽ എഴുതിയ പോസ്റ്റുകൾ ശ്രദ്ധേയമാകുന്നു.
സന്ദീപ് ദാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസിൻ്റെ സ്പിന്നർമാർ ഒരു വമ്പൻ വല നെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഷിംറോൺ ഹെറ്റ്മയറും സന്ദീപ് ശർമ്മയും യശസ്വി ജയ്സ്വാളും തകർപ്പൻ ക്യാച്ചുകൾ എടുത്തിരുന്നു. ചെന്നൈ സൂപ്പർ കിങ്ങ്സ് ആഴക്കടലിലേയ്ക്ക് മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കുകയായിരുന്നു.
ആ സമയത്ത് മഹേന്ദ്രസിങ്ങ് ധോനിയുടെ മുഖം ബിഗ് സ്ക്രീനിൽ തെളിഞ്ഞു. അതോടെ ചെപ്പോക്കിലെ കാണികൾ എല്ലാം മറന്ന് ആർത്തുവിളിച്ചു. സഞ്ജയ് മഞ്ജരേക്കർ കമൻ്ററി ബോക്സിലൂടെ പറഞ്ഞു-
”ഗാലറിയിലെ പൊടിപിടിച്ച ചില്ലിനപ്പുറത്ത് ധോനിയെ ഒരു മിന്നായം പോലെ കണ്ടാൽ മാത്രം മതി. കാഴ്ച്ചക്കാർ ആവേശത്താൽ മതിമറക്കും. അതാണ് ആ മനുഷ്യൻ്റെ സ്വാധീനം…!”
മഞ്ഞപ്പടയുടെ ആറാമത്തെ വിക്കറ്റ് വീണപ്പോൾ ധോനി മൈതാനത്തിൽ പ്രത്യക്ഷപ്പെട്ടു. സ്റ്റേഡിയത്തിൽ ഉത്സവാന്തരീക്ഷമായി. ജിയോ സിനിമയിലെ വ്യൂവർഷിപ്പ് രണ്ട് കോടി എന്ന മാന്ത്രിക സംഖ്യയെ സ്പർശിച്ചു!
ചെന്നൈയ്ക്ക് 30 പന്തുകളിൽ 63 റൺസ് ആവശ്യമുണ്ടായിരുന്നു. ധോനി-ജഡേജ സഖ്യം അവസാനത്തെ അംഗീകൃത ബാറ്റിങ്ങ് ജോഡിയായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലെ പ്രബലരായ ആദം സാമ്പയും ജെയ്സൻ ഹോൾഡറും രാജസ്ഥാനുവേണ്ടി പന്തെറിയാനുണ്ടായിരുന്നു. ഐ.പി.എല്ലിലെ വെറ്ററനായ സന്ദീപ് ശർമ്മയും അവർക്കൊപ്പമുണ്ടായിരുന്നു. ഒറ്റവരിയിൽ പറഞ്ഞാൽ ചെന്നൈ പരാജയം ഏതാണ്ട് ഉറപ്പിച്ചിരുന്നു.
എന്നിട്ടും കോടിക്കണക്കിന് മനുഷ്യർ ധോനിയെ മാത്രം വിശ്വസിച്ച് കളികണ്ടു! തലയിൽ നരവീണുതുടങ്ങിയ ധോനി ഇളമുറക്കാർക്കെതിരെ പൊരുതി ജയിക്കുമെന്ന് അവർ മോഹിച്ചു! ഇതെല്ലാം സാദ്ധ്യമാക്കാൻ ധോനിയ്ക്കല്ലാതെ മറ്റാർക്ക് കഴിയും…!?
സാമ്പ എന്ന ലെഗ്സ്പിന്നർ ഒരു സൂപ്പർഹീറോയാണ്. സാക്ഷാൽ വിരാട് കോഹ്ലിയെ എട്ടുതവണ പുറത്താക്കി റെക്കോർഡ് ഇട്ട ബോളർ. ധോനിയെ സ്പിന്നർമാർക്ക് നിയന്ത്രിച്ചുനിർത്താൻ സാധിക്കും എന്നൊരു ധാരണ ക്രിക്കറ്റ് ലോകത്ത് പ്രബലമാണ്. അങ്ങനെയുള്ളപ്പോഴാണ് ധോനി സാമ്പയ്ക്കെതിരെ സിക്സും ഫോറും പായിച്ചത്!
ചെന്നൈയിൽ ധോനിയുടെ സഹതാരമായിരുന്ന ഷെയ്ൻ വാട്സൻ ധോനിയുടെ പരിശീലനത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്-
”ധോനിയുടെ കരുത്ത് അപാരമാണ്. നെറ്റ്സിൽ ധോനി മണിക്കൂറുകളോളം പവർ ഹിറ്റിങ്ങ് നടത്തും. ഞാൻ ധോനിയെ അനുകരിക്കാറില്ല. അതിന് ശ്രമിച്ചാൽ പരിക്കേറ്റ് പുറത്തിരിക്കേണ്ടിവരും…!
സന്ദീപ് ശർമ്മ എറിഞ്ഞ അവസാന ഓവറിൽ കണ്ടത് ധോനിയുടെ അവിശ്വസനീയമായ കരുത്ത് തന്നെയാണ്. ലോ ഫുൾടോസുകൾക്കെതിരെ ഇത്രയും ശക്തി ജനറേറ്റ് ചെയ്യുന്നത് എങ്ങനെയാണെന്ന് ധോനിയ്ക്ക് മാത്രമേ അറിയൂ! ബാറ്റിൻ്റെ അറ്റത്ത് ബോൾ കൊണ്ടിട്ടുപോലും സിക്സർ പിറക്കുന്ന അവസ്ഥ!
ഓടുന്നതിനിടയിൽ ധോനി മുടന്തുന്നുണ്ടായിരുന്നു. പക്ഷേ ബാറ്റ് ചെയ്യുമ്പോൾ അതൊന്നും അയാൾക്ക് പ്രശ്നമല്ലായിരുന്നു! പരിക്കേറ്റ കൈ ഉപയോഗിച്ച് 2019 ലോകകപ്പ് സെമിഫൈനലിൽ അവസാനം വരെ പൊരുതിയ ധോനിയെ ഒരു നിമിഷം ഓർത്തുപോയി!
6 പന്തിൽ 21 റൺസ് വേണ്ട സമയത്ത് ധോനിയ്ക്കെതിരെ പന്തെറിയുമ്പോൾ ബോളർക്കാണ് ഇപ്പോഴും സമ്മർദ്ദം! സന്ദീപ് എറിഞ്ഞ വൈഡുകൾ അതിന് തെളിവാണ്. വീൽചെയറിൽ ബാറ്റിങ്ങിനിറങ്ങിയാലും ധോനിയെ അവസാന ഓവറിൽ എതിരാളികൾ ഭയപ്പെടും എന്ന കാര്യം തീർച്ച!
ഈ സീസണിലെ രണ്ട് കളികളിൽ ധോനി നന്നായി കളിച്ചപ്പോഴും വിമർശകർ കൂരമ്പുകൾ തൊടുത്തിരുന്നു. അവസാനം ഇറങ്ങി രണ്ടോ മൂന്നോ പന്തുകൾ നേരിടുന്നതിനുപകരം ദീർഘമായ ഇന്നിങ്സുകൾ കളിച്ചുകാണിക്കട്ടെ എന്നായിരുന്നു അവരുടെ വെല്ലുവിളി.
ആ കടമ്പയും ധോനി പിന്നിട്ടിരിക്കുന്നു. ഇനി വിരോധികൾ എന്തുപറയും? ധോനിയ്ക്ക് മത്സരം ജയിപ്പിക്കാൻ സാധിച്ചില്ല എന്ന് പരാതിപ്പെടുമായിരിക്കും. അടുത്ത മത്സരത്തിൽ ധോനി മാച്ച് വിന്നിങ്ങ് ഇന്നിംഗ്സ് കളിച്ചാലോ? ഹേറ്റേഴ്സ് കുറ്റം പറയാനുള്ള പുതിയ കാരണം കണ്ടെത്തും!
സത്യത്തിൽ ധോനി വിരോധികളോട് സഹതാപമാണ് തോന്നാറുള്ളത്. ഈ അത്യപൂർവ്വ പ്രതിഭാസത്തെ വേണ്ടവിധം ആസ്വദിക്കാൻ അവർക്ക് കഴിയുന്നില്ലല്ലോ…!
മത്സരശേഷം രാജസ്ഥാൻ സ്കിപ്പർ സഞ്ജു സാംസൻ ഉച്ചരിച്ച വരികളിൽ എല്ലാമുണ്ട്-
”ഈ മാച്ച് കൈപ്പിടിയിലായി എന്ന് ഒരു ഘട്ടത്തിലും ഞാൻ വിശ്വസിച്ചിരുന്നില്ല. ധോനിയെ ബഹുമാനിച്ചേ തീരൂ. ആ മനുഷ്യനെതിരെ ഒരു പ്ലാനും ഫലിക്കില്ല…!”
അറിഞ്ഞുവെച്ചോളൂ വിമർശകരേ. ഈ പ്രായത്തിലും ധോനിയ്ക്കെതിരെ വ്യക്തമായ തന്ത്രങ്ങൾ മെനയാൻ എതിരാളികൾക്ക് സാധിക്കുന്നില്ല. അയാൾ തീർച്ചയായും ആദരവ് അർഹിക്കുന്നു.
മഹാഭാരതത്തിൽ ഒരു രംഗമുണ്ട്. കുരുക്ഷേത്രയുദ്ധത്തിൽ കൗരവർക്കുവേണ്ടി ഭീഷ്മർ സർവ്വതും മറന്ന് പോരാടുന്ന സമയം. അർജ്ജുനൻ ഉൾപ്പടെയുള്ള സകല യുവയോദ്ധാക്കളും വൃദ്ധനായ ഭീഷ്മർക്കുമുന്നിൽ വിയർക്കുന്ന ഘട്ടം. അതുകണ്ട് യുധിഷ്ഠിരൻ വിലപിക്കുന്നുണ്ട്-
”ഇന്ദ്രനോ യമനോ വന്നാൽ പോലും നമുക്ക് പോരാടി ജയിക്കാം. പക്ഷേ ക്രുദ്ധനായ ഭീഷ്മരെ ഒരാൾക്കും കീഴടക്കാനാവില്ല…!”
ലോകക്രിക്കറ്റിൽ ഒരു ഭീഷ്മാചാര്യനുണ്ടെങ്കിൽ അത് എം.എസ് ധോനിയാണ്. എം.എസ് ധോനി മാത്രമാണ്…!
Post Your Comments