തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ഡൽഹി സേക്രട്ട് ഹാർട്ട് കത്തീഡ്രൽ സന്ദർശനം ചരിത്രപരമാണെന്ന് ബിജെപി. ഭാരതത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഈസ്റ്റർ ദിനത്തിൽ ക്രിസ്റ്റ്യൻ ദേവാലയത്തിൽ എത്തി പ്രാർത്ഥനയുടെ ഭാഗമാവുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ ഈ ചരിത്രപരമായ നീക്കത്തെ ബി.ജെ.പി സംസ്ഥാന കോർ കമ്മിറ്റി അഭിനന്ദിക്കുകയും ചെയ്തു.
Read Also: കുടുംബ പ്രശ്‌നം: ഭാര്യയുടെ സുഹൃത്തിനെ പൊലീസ് സ്റ്റേഷനിലിട്ട് കുത്തി ഭർത്താവ്
ഭാരതീയ ജനതാ പാർട്ടി വിഭാവനം ചെയ്യുന്ന സർവ്വമത സമഭാവനയുടെ അടിസ്ഥാനത്തിലുള്ള പ്രധാനമന്ത്രിയുടെ സന്ദർശനം മതന്യൂനപക്ഷങ്ങൾക്കിടയിൽ ആത്മവിശ്വാസം വളർത്തിയിട്ടുണ്ട്. മോദി സർക്കാർ എല്ലാ ജനവിഭാഗങ്ങളോടും ‘സബ്കാ സാത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്’ എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതാണെന്ന് ബിജെപി ചൂണ്ടിക്കാട്ടി.
കേരളത്തിലെ ക്രൈസ്തവ സമൂഹം പ്രധാനമന്ത്രിയുടെ സമീപനത്തെ തുറന്ന ഹൃദയത്തോടെയാണ് സ്വീകരിച്ചതെന്നത് ആഹ്ലാദകരമാണ്. കേരളത്തിലെ ഇടത്- വലത് മുന്നണികൾ ഇക്കാര്യത്തിൽ പ്രകടിപ്പിക്കുന്ന അങ്കലാപ്പ് അവരുടെ രാഷ്ട്രീയ പാപ്പരത്തമാണു കാണിക്കുന്നത്. അവരുടെ പരാജയഭീതിയാണ് ഇത് പ്രകടമാക്കുന്നത്. കേരളത്തിന്റെ സമഗ്ര വികസനത്തിനും സമൂഹ്യ സമരസതയ്ക്കും വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന സേവനങ്ങൾക്ക് കേരള ജനതക്ക് വേണ്ടി കോർ കമ്മിറ്റി കൃതജ്ഞത രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ ഏപ്രിൽ 25 ലെ കേരള സന്ദർശനത്തിന്റെ തയ്യാറെടുപ്പുകളെപ്പറ്റി കോർ കമ്മിറ്റി വിലയിരുത്തി. എറണാകുളം തേവര കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന യുവം സമ്മേളനം പ്രധാനമന്ത്രി വൈകുന്നേരം 5 മണിക്ക് ഉദ്ഘാടനം ചെയ്യും. തേവരയിൽ റോഡ് ഷോയിലും അദ്ദേഹം പങ്കെടുക്കുന്നതാണ്. ബിജെപിയുടെ കേരള കോർ കമ്മിറ്റി പുന:സംഘടിപ്പിച്ചു എന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും പാർട്ടി അറിയിച്ചു.
Post Your Comments