ന്യൂഡല്‍ഹി: ആഗോള ആധിപത്യം നേടാന്‍ ഇന്ത്യന്‍ രൂപ. രൂപയില്‍ വ്യാപാരം നടത്താന്‍ 18 രാജ്യങ്ങള്‍ താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നതൊടെയാണ് ഇന്ത്യന്‍ രൂപ ആഗോള സാമ്പത്തിക വിപണിയില്‍ സുപ്രധാന ശക്തിയായി മാറാന്‍ ഒരുങ്ങുന്നത്. ജര്‍മ്മനി, കെനിയ, ശ്രീലങ്ക, സിംഗപ്പൂര്‍, യുകെ തുടങ്ങി 18 രാജ്യങ്ങള്‍ക്ക് രൂപയില്‍ ഇടപാട് നടത്താന്‍ ആര്‍ബിഐ ഇതിനോടകം അനുമതി നല്‍കിയിട്ടുണ്ട്. വ്യാപാരം രൂപ അധിഷ്ടിതമാകുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഇടപാടുകളുടെ ചെലവ് കുറയ്ക്കുകയും വ്യാപാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
അന്താരാഷ്ട്ര വിപണിയില്‍ രൂപയെ ശക്തമാക്കാന്‍ ഫോറിന്‍ ട്രേഡ് പോളിസിയില്‍ കേന്ദ്രസര്‍ക്കാര്‍ സമൂലമായ മാറ്റമാണ് വരുത്തിയത്. രൂപ അടിസ്ഥാനമാക്കി നടത്തുന്ന അന്താരാഷ്ട്ര ഇടപാടുകള്‍ പ്രത്യേക വോസ്ട്രോ അക്കൗണ്ടുകള്‍ വഴിയാണ് നടക്കുക. ഈ സംവിധാനത്തിലേക്ക് മാറുന്നതൊടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഇറക്കുമതിയും കയറ്റുമതിയും രൂപയിലായിരിക്കും.
മാര്‍ച്ച് 14 ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് പ്രകാരം, 18 രാജ്യങ്ങള്‍ക്ക് പ്രത്യേക രൂപ വോസ്ട്രോ അക്കൗണ്ടുകള്‍ (എസ്ആര്‍വിഎ) തുറക്കുന്നതിനുള്ള നടപടികള്‍ ആര്‍ബിഐ അംഗീകരിച്ചിട്ടുണ്ട്. ഇസ്രായേല്‍, കെനിയ, മലേഷ്യ, മൗറീഷ്യസ്, മ്യാന്‍മര്‍, ന്യൂസിലാന്‍ഡ്, ഒമാന്‍, റഷ്യ, ബോട്സ്വാന, ഫിജി, ജര്‍മ്മനി, ഗയാന, സീഷെല്‍സ്, സിംഗപ്പൂര്‍, ശ്രീലങ്ക, ടാന്‍സാനിയ, ഉഗാണ്ട, യുണൈറ്റഡ് കിംഗ്ഡം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
രൂപ ആഗോള വ്യാപാരത്തിന് ഉപയോഗിക്കുന്നതൊടെ ഇന്ത്യയുടെ വ്യാപാരക്കമ്മിയില്‍ കാര്യമായ കുറവുണ്ടാകും. കൂടുതല്‍ രാജ്യങ്ങള്‍ രൂപയില്‍ വ്യാപാരം ചെയ്യാന്‍ തയ്യാറായതിനാല്‍ ഇന്ത്യക്ക് കൂടുതല്‍ കയറ്റുമതി ചെയ്യാന്‍ കഴിയുകയും ചെയ്യും.
Post Your Comments