ന്യൂഡൽഹി: കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ഗുലാം നബി ആസാദ്. ബിജെപിയുടെ ഇന്നത്തെ വളർച്ചക്ക് കാരണം ഇപ്പോഴത്തെ കോൺഗ്രസ് നേതൃത്വമാണെന്ന് അദ്ദേഹം വിമർശിച്ചു. ഒരു സ്വകാര്യ മാദ്ധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നിശ്ചലരായി ഇരുന്ന് ബിജെപിയെ വളരാൻ സഹായിക്കുകയാണ് കോൺഗ്രസ്. ബിജെപിയുടെ നയങ്ങൾ ഒരിക്കലും മുസ്ലിങ്ങളെയോ ന്യൂനപക്ഷങ്ങളെയോ സഹായിക്കുന്നവയല്ല. പക്ഷേ സഹായിക്കുകയാണ് എന്ന പ്രതീതി അവർ ഉണ്ടാക്കുന്നുണ്ട്. ഇന്ദിര ഗാന്ധിയെ അറസ്റ്റ് ചെയ്തപ്പോൾ ലക്ഷക്കണക്കിനാളുകൾ രാജ്യത്തുടനീളം ജയിലിൽ പോയി. എന്നാൽ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയപ്പോൾ ഒരു കൊതുക് പോലും കരഞ്ഞില്ലെന്നും അദ്ദേഹം പരിഹസിച്ചു.
ബിജെപിക്കെതിരെ വിമർശനം ഉന്നയിച്ചെങ്കിലും അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ ചില നല്ല ഗുണങ്ങളുണ്ട്. മോദിക്കെതിരെ ഏഴ് വർഷം പ്രതിപക്ഷ നേതാവായിരുന്നപ്പോൾ താൻ അദ്ദേഹത്തിന്റെ ചായസത്കാര ക്ഷണങ്ങൾ നിരസിച്ചിരുന്നു. പക്ഷേ അതിന്റെ വിരോധം അദ്ദേഹം കാണിച്ചിട്ടില്ല, നരേന്ദ്ര മോദിയുടെ നയങ്ങളോട് യോജിക്കാനാവില്ലെന്നും പക്ഷേ പ്രധാനമന്ത്രി കാട്ടിയ മര്യാദ പ്രശംസനീയമാണെന്നും ഗുലാം നബി ആസാദ് കൂട്ടിച്ചേർത്തു.
Leave a Comment