
ആലപ്പുഴ: ഹരിപ്പാട് ഭർതൃവീട് ആക്രമിച്ച് ഒരു സംഘം ആളുകൾ കർണാടക സ്വദേശിനിയെ തട്ടിക്കൊണ്ടുപോയി. യുവതിയുടെ ബന്ധുക്കളാണ് വീട് ആക്രമിച്ചു വരനെയും ബന്ധുക്കളെയും മർദ്ദിച്ച ശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഹരിപ്പാട് കാർത്തികപ്പള്ളി പന്ത്രണ്ടാം വാർഡിലെ അഖിൽ ഭവനത്തിൽ അനിൽകുമാറിന്റെ മകൻ അഖിൽ(22) വിവാഹം കഴിച്ച ന്യൂ ഹൊറൈസൺ കോളേജ് വിദ്യാർഥിനി ബംഗളൂരു കസ്തൂരി നഗർ പി കൃഷ്ണയുടെ മകൾ വിദ്യശ്രീ (18)യെയാണ് ബന്ധുക്കൾ തട്ടിക്കൊണ്ടുപോയിരിക്കുന്നത്.
പ്ലസ് ടു വിദ്യാർഥിനിയായ വിദ്യശ്രീയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടതായിരുന്നു അഖിൽ. പിന്നീട് ഇരുവരും പ്രണയത്തിലാകുകയും പെൺകുട്ടി വീടുവിട്ട് അഖിലിനൊപ്പം ഇറങ്ങിവരുകയുമാണ് ഉണ്ടായത്. പെൺകുട്ടി മാർച്ച് 29ന് അഖിലിനൊപ്പം മഹാദേവികാട് എത്തി. തുടർന്ന്, 30ന് നാട്ടിലെ ക്ഷേത്രത്തിൽ ഇരുവരും വിവാഹം കഴിച്ചു.
പെൺകുട്ടിയുടെ ബന്ധുക്കൾ വിവരമറിഞ്ഞ് കേരളത്തിലെത്തി തൃക്കുന്നപ്പുഴ പൊലീസിൽ പരാതി നൽകി. പൊലീസ് ഇരുകൂട്ടരെയും വിളിച്ചുവരുത്തി ചർച്ച നടത്തി. എന്നാൽ യുവതിയുടെ ഇഷ്ടപ്രകാരം പ്രായപൂർത്തിയായതിനാൽ പെൺകുട്ടിയെ യുവാവിനൊപ്പം വിട്ടു. പെൺകുട്ടിയുടെ ബന്ധുക്കളും അഖിലിന്റെ വീട്ടിലെത്തിയശേഷമാണ് അപ്പോൾ മടങ്ങിയത്. ഇതിനുശേഷമാണ് തട്ടിക്കൊണ്ടുപോകൽ അരങ്ങേറുന്നത്.
പുലർച്ചെ അഖിലിന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയ യുവതിയുടെ ബന്ധുക്കൾ ബലംപ്രയോഗിച്ച് യുവതിയെ കടത്തിക്കൊണ്ടു പോവുകയായിരുന്നു. ശനിയാഴ്ച പുലർച്ചെ അഞ്ചരയോടെ മൂന്നു വാഹനങ്ങളിൽ മാരകായുധങ്ങളുമായെത്തിയവരാണ് ആക്രമണം നടത്തിയത്. അടുക്കള വാതിൽ ചവിട്ടിത്തുറന്ന് അകത്തുകയറിയ സംഘം പെൺകുട്ടിയെ ബലമായി പിടിച്ചിറക്കിക്കൊണ്ടുപോകുകയായിരുന്നു. തടയാൻശ്രമിച്ചവരെ ആക്രമിച്ച് മാരകായുധം കാട്ടി വധഭീഷണി മുഴക്കി പെൺകുട്ടിയെ വാഹനത്തിൽ കയറ്റിക്കൊണ്ടു പോയി. തടയാൻ ശ്രമിച്ച അഖിൽ, അച്ഛൻ അനിൽകുമാർ(45), അമ്മ ബിന്ദു (40), ബിന്ദുവിന്റെ അമ്മ കൊച്ചുകുഞ്ഞ് (65) എന്നിവരെ മർദ്ദിക്കുകയും ചെയ്തു. ഇവർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
തട്ടിക്കൊണ്ടു പോകൽ സംഭവത്തെ തുടർന്ന് തൃക്കുന്നപ്പുഴ പൊലീസ് ബംഗളൂരുവിലേക്ക് പുറപ്പെട്ടുണ്ട്. തൃക്കുന്നപ്പുഴ എസ്ഐ രതീഷ് ബാബു, സിപിഒമാരായ ശ്യാം, വിഷ്ണു, വൈശാഖ്, ആതിര എന്നിവരടങ്ങുന്ന സംഘമാണ് ബംഗളുരുവിലേക്ക് പോയിരിക്കുന്നത്. കായംകുളം പുനലൂർ ചെങ്കോട്ടവഴി തമിഴ്നാട്ടിലൂടെയാണ് സംഘം നവവധുവിനെ തട്ടിക്കൊണ്ടു പോയതെന്നാണ് പോലീസ് പറയുന്നത്.
Post Your Comments