തിരുവനന്തപുരം: ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ അശ്ലീലരീതിയില്‍ പ്രാങ്ക് വീഡിയോ ചിത്രീകരിച്ച രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പാന്‍റിന് മുകളില്‍ സ്ത്രീകളുടെ അടിവസ്ത്രം ധരിച്ചെത്തിയ യുവാവിനെതിരെ നാട്ടുകാര്‍ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു അറസ്റ്റ്. കാരേറ്റ് തളിക്കുഴി സ്വദേശി അര്‍ജുൻ, മുതുവിള സ്വദേശി ഷെമീർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കാരേറ്റ് തളിക്കുഴി സ്വദേശി അര്‍ജുനാണ് പാന്‍റിന് മുകളില്‍ പെണ്‍കുട്ടികളുടെ അടിവസ്ത്രം ധരിച്ച് എത്തിയത്. അടിവസ്ത്രം പാന്‍റിന് മുകളിലിട്ട് ആറ്റിങ്ങല്‍ ബസ് സ്റ്റാൻഡിൽ കറങ്ങി നടക്കുകയായിരുന്നു. ആള് കൂടിയ സ്ഥലത്തൊക്കെ പോയി നിന്നു. ബസ് കാത്തിരുന്നവർക്കിടയിലേക്കായിരുന്നു യുവാവിന്റെ അപ്രതീക്ഷിത എൻട്രി. വിചിത്ര രീതിയിൽ വസ്ത്രധാരണം നടത്തിയ യുവാവിനെ എല്ലാവരും കണ്ണ് മിഴിച്ച് നോക്കിനിന്നു. സ്ത്രീകൾക്കും കുട്ടികൾക്കും ഈ കാഴ്ച അരോചകമായി തോന്നി.
യുവാവ് ആരെയും ശ്രദ്ധിക്കാതെ പെൺകുട്ടികളെ ഉൾപ്പെടെ തട്ടിയും മുട്ടിയും യുവാവ് അങ്ങനെ ബസ്റ്റാൻഡിലൂടെ നടക്കുകയായിരുന്നു. പ്രാങ്ക് വീഡിയോയ്ക്കുള്ള നടത്തമായിരുന്നു ഇതെന്ന് ആർക്കും മനസ്സിലായതും ഇല്ല. കുറച്ച് കഴിഞ്ഞതോടെ യാത്രക്കാർ ഇടപെട്ടു. ജനങ്ങളുടെ പ്രതികരണം എങ്ങനെ ഉണ്ടെന്ന് അറിയാൻ വേണ്ടിയായിരുന്നു യുവാക്കളുടെ പണി. മര്യാദയ്ക്ക് നടക്കാൻ ആവശ്യപ്പെട്ടിട്ടും രക്ഷയില്ലാതെ വന്നതോടെ നാട്ടുകാർ പൊലീസിൽ പരാതിപ്പെട്ടു. നാട്ടുകാരുടെ പരാതിക്ക് പിന്നാലെ പൊലീസ് എത്തിയപ്പോൾ, പൊലീസിന് മുന്നിലും യാതോരു കൂസലുമില്ലാതെ അര്‍ജുന്‍ നടക്കുകയായിരുന്നു.
പോലീസിനെ കണ്ടതും ആദ്യം ഒന്ന് പതറിയെങ്കിലും തങ്ങൾ അഭിപ്രായ സ്വാതന്ത്ര്യവും യാത്രാ സ്വാതന്ത്ര്യവും ഉണ്ടെന്ന നിലപാടിലായിഉർന്നു യുവാവ്. ചോദ്യം ചെയ്തപ്പോഴാണ് പ്രാങ്ക് വീഡിയോയുടെ ചിത്രീകരണമാണെന്നും തൊട്ടടുത്തുള്ള കാറിലിരുന്ന് സുഹൃത്ത് നടന്ന സംഭവങ്ങളൊക്കെ ചിത്രീകരിക്കുന്നുണ്ടെന്നും അർജുൻ പറഞ്ഞത്. ഇതോടെ സുഹൃത്തിനെയും പൊലീസ് പൊക്കി. പിന്നാലെ അർജുനെയും മുതുവിള സ്വദേശിയായ സുഹൃത്ത് ഷെമീറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പാന്‍റിന് മുകളില്‍ ധരിച്ച അടിവസ്ത്രം ഊരിച്ച ശേഷമാണ് അര്‍ജുനെയും ഷമീറിനെയും പൊലീസ് സ്റ്റേഷനിൽ നിന്ന് വിട്ടയച്ചത്. ഇരുവരെയും സ്റ്റേഷന്‍ ജാമ്യത്തിലാണ് വിട്ടയച്ചത്.
Post Your Comments