രാജ്യത്തെ പ്രമുഖ ടെക്സ്റ്റൈൽ ഹബ്ബായ സൂറത്തിൽ സ്ത്രീകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘സാരി വാക്കത്തോൺ’ ഫ്ലാഗ് ഓഫ് ചെയ്തു. സ്ത്രീ ശാക്തീകരണത്തിന് ഊന്നൽ നൽകിയാണ് സാരി വാക്കത്തോൺ സംഘടിപ്പിച്ചത്. ശ്രദ്ധേയവും വർണാഭവുമായ സാരി വാക്കത്തോണിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും 15,000- ലധികം സ്ത്രീകളാണ് അണിനിരന്നത്. റെയിൽവേ സഹമന്ത്രി ദർശന സർദോഷ്, ഗുജറാത്തിന്റെ ഹോം സ്റ്റേറ്റ് ഹൻഷ് സാംഘ്വി, സംസ്ഥാന ബിജെപി പ്രസിഡന്റ് സി.ആർ പാട്ടീൽ എന്നിവരാണ് ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചത്.
സൂറത്ത് മുൻസിപ്പൽ കോർപ്പറേഷൻ, സൂറത്ത് സ്മാർട്ട് സിറ്റി ഡെവലപ്മെന്റ് ലിമിറ്റഡ് എന്നിവ സംയുക്തമായാണ് സാരി വാക്കത്തോണിന് നേതൃത്വം നൽകിയത്. ‘എല്ലാവർക്കും ആരോഗ്യം’ എന്ന വിഷയം മുൻനിർത്തിയാണ് സാരി വാക്കത്തോൺ സംഘടിപ്പിച്ചത്. സാംക്രമികേതര രോഗങ്ങളെ അകറ്റി നിർത്തുക, മാനസിക ബുദ്ധിമുട്ടുകൾ തുടച്ചുനീക്കുക, ആരോഗ്യകരമായ ശീലങ്ങളെ കുറച്ച് അവബോധം സൃഷ്ടിക്കുക എന്നിവയാണ് വാക്കത്തോണിലൂടെ ലക്ഷ്യമിട്ടത്. രാജ്യത്തെ 15 സംസ്ഥാനങ്ങളിൽ നിന്നും നിരവധി പേരാണ് പരിപാടിയുടെ ഭാഗമായത്.
Post Your Comments