സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ ‘പാകിസ്താന് ഫുഡ് ഫെസ്റ്റിവല്‍’ നടത്താൻ തീരുമാനിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കി ഹോട്ടലുടമ സന്ദീപ് ദവർ. പാകിസ്ഥാൻ ഭക്ഷ്യമേള നടത്താൻ തീരുമാനിച്ചെങ്കിലും ഒരു പാകിസ്ഥാൻ പാചകക്കാരനെ പോലും മേളയ്ക്കായി ക്ഷണിച്ചിട്ടില്ലെന്നും ഹോട്ടലുടമ വ്യക്തമാക്കുന്നു. പ്രദേശവാസികളിൽ നിന്നും ബജ്രംഗ് ദൾ പ്രവർത്തകരിൽ നിന്നും എതിർപ്പുണ്ടായതിനെ തുടർന്നായിരുന്നു ഹോട്ടലുടമ ഫുഡ് ഫെസ്റ്റിവൽ മാറ്റിയത്.
‘ഞങ്ങളുടെ റെസ്റ്റോറന്റിൽ സംസ്ഥാനങ്ങൾക്കും രാജ്യങ്ങൾക്കും അനുസൃതമായി ഞങ്ങൾ വ്യത്യസ്ത ഭക്ഷ്യമേളകൾ സംഘടിപ്പിക്കുന്നു. ഭക്ഷണമാണ് എല്ലാം, വ്യത്യസ്തമായ ഭക്ഷണങ്ങൾ രുചിക്കുക എന്നതായിരുന്നു ഈ മേളയിലൂടെ ഞങ്ങൾ ലക്ഷ്യം വെച്ചത്. ഞങ്ങൾ പാക്കിസ്ഥാനെതിരല്ല, മറിച്ച് ഇന്ത്യക്കെതിരായ അവരുടെ രാഷ്ട്രീയ വ്യവസ്ഥയ്ക്ക് എതിരാണ്. ലോകത്ത് എല്ലായിടത്തും ഭക്ഷണം സാധാരണമാണ്. മേളയ്ക്ക് വേണ്ടി ഞങ്ങൾ പാകിസ്ഥാൻ പാചകക്കാരനെ ക്ഷണിച്ചിട്ടില്ല. ഏതായാലും നിലവിലെ അവസ്ഥയിൽ ഞങ്ങൾ പാകിസ്ഥാൻ ഫുഡ് ഫെസ്റ്റിവൽ റദ്ദാക്കുകയും അതിന്റെ സ്ഥാനത്ത് ഒരു സീഫുഡ് ഫെസ്റ്റിവൽ നടത്താമെന്ന് തീരുമാനിക്കുകയും ചെയ്തു’, സൂറത്തിലെ ടേസ്റ്റ് ഓഫ് ഇന്ത്യയുടെ ഉടമ സന്ദീപ് ദവർ വ്യക്തമാക്കി.
റിംഗ് റോഡിലെ പഴയ സബ് ജയിലിന് സമീപമുള്ള റെസ്റ്റോറന്റിൽ ആണ് പാകിസ്ഥാൻ ഫുഡ് ഫെസ്റ്റിവൽ നടത്താൻ ഉടമ തീരുമാനിച്ചത്. ഇതിന്റെ ബാനറുകൾ പ്രദേശത്ത് സ്ഥാപിച്ചിരുന്നു. കോൺഗ്രസ് കൗൺസിലർ അസ്ലം സൈക്കിൾവാല തിങ്കളാഴ്ച രാവിലെ ഇതിന്റെ വീഡിയോ ചിത്രീകരിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ക്ലിപ്പ് ഉടൻ വൈറലാവുകയായിരുന്നു. എന്തുകൊണ്ടാണ് സംഭവത്തിൽ ആരും പരാതി നൽകാത്തതെന്ന് സൈക്കിൾവാല ചോദിച്ചു. ‘ഇത്തരമൊരു ഭക്ഷ്യമേള എങ്ങനെ സംഘടിപ്പിക്കാനാകും? റസ്റ്റോറന്റിന്റെ ലൈസൻസ് റദ്ദാക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. പോലീസ് നടപടി സ്വീകരിക്കണം. എന്നാൽ ഉടമയായ ദവറിന് സൂറത്തിലെ ബി.ജെ.പി നേതാക്കളുമായി അടുപ്പമുള്ളതിനാൽ അയാൾക്കെതിരെ നടപടിയുണ്ടാകില്ല. ഒരു റസ്റ്റോറന്റിന്റെ ഏതെങ്കിലും മുസ്ലീം ഉടമ ഇത്തരമൊരു ഉത്സവം സംഘടിപ്പിച്ചിരുന്നെങ്കിൽ, അതിന്റെ അനന്തരഫലങ്ങൾ എന്തായിരിക്കും?’, സൈക്കിൾവാല ചോദിച്ചു.
‘സോഷ്യൽ മീഡിയ വഴിയാണ് തങ്ങൾ ഇക്കാര്യം അറിഞ്ഞത്. സംഭവം അറിഞ്ഞതും ഞങ്ങൾ സൗത്ത് ഗുജറാത്ത് കൺവീനർ ദിനേഷ് നവദിയയുമായി സംസാരിച്ച് അദ്ദേഹത്തിൽ നിന്നും അനുവാദം വാങ്ങി ബാനറുകളിൽ ചിലത് കത്തിക്കുകയും ചിലത് എടുത്തുമാറ്റുകയും ചെയ്തു. ഹോട്ടൽ ഉടമയെ വിളിച്ച് താക്കീത് ചെയ്തു. ഇത്തരമൊരു ഫുഡ് ഫെസ്റ്റിവൽ നടത്താൻ തീരുമാനിച്ചതിന് അയാൾ മാപ്പ് പറഞ്ഞു. തങ്ങളുടെ ശ്രദ്ധ ഹോട്ടലിനു ചുറ്റിനും ഇപ്പോഴും ഉണ്ടായിരിക്കുമെന്നും, പാകിസ്ഥാൻ ഫുഡ് ഫെസ്റ്റിവൽ നടത്തിയെന്ന് അറിഞ്ഞാൽ അതിന്റെ അന്തരഫലങ്ങൾക്ക് അയാൾ ഉത്തരവാദി ആയിരിക്കുമെന്നും മുന്നറിയിപ്പ് നൽകി’, സൂറത്ത് സിറ്റി ബജ്‌റംഗ്ദൾ നേതാവ് ദേവിപ്രസാദ് ദുബെ പറഞ്ഞു.
Post Your Comments