Latest NewsKeralaNews

‘എന്നെ പഠിപ്പിച്ച എന്റെ അധ്യാപിക ബിന്ദു അമ്മിണിയെ ഞാൻ വിവാഹം കഴിക്കുന്നു എന്ന് പ്രചാരണം’:കേസ് കൊടുത്ത് യുവാവ്

കൊച്ചി: ‘ബിന്ദു അമ്മിണി വിവാഹിതയാകുന്നു, വരൻ കോൺഗ്രസ് യുവനേതാവ് ’, രണ്ട് ദിവസമായി സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന വാർത്തയിൽ പ്രതികരിച്ച് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി ഇന്നലെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, തന്റെ പേര് ചേർത്ത് ചിലർ സോഷ്യൽ മീഡിയകളിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ആക്ടിവിസ്റ്റും കോൺഗ്രസ് നേതാവുമായ ശ്രീദേവ് എസ്.എസ് സോമൻ രംഗത്ത്. തന്റെയും തന്റെ അധ്യാപികയായിരുന്ന ബിന്ദു അമ്മിണിയുടെയും പേരുകൾ ചേർത്ത് പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്ന് ചൂണ്ടിക്കാട്ടി ഇയാൾ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്.

‘കോഴിക്കോട് സർക്കാർ ലോ കോളേജിൽ എന്നെ നിയമം പഠിപ്പിച്ച എന്റെ അധ്യാപികയാണ് ബിന്ദു ടീച്ചർ. മാതാ, പിതാ, ഗുരു, ദൈവം എന്നാണ്. ഏഷ്യാനെറ്റിന്റെ ലോഗോ വെച്ചു വ്യാജമായി ഒരു സ്ക്രീൻ ഷോട്ട് ഉണ്ടാക്കി ഒരു സ്ത്രീക്ക് എതിരെ സംഘികൾ വ്യാജ വാർത്ത പ്രചരിപ്പിക്കുമ്പോൾ അതിനെ സപ്പോർട്ട് ചെയ്യുന്ന ആളുകളെ സമൂഹം വിലയിരുത്തട്ടെ. എന്നെ നിയമം പഠിപ്പിച്ച എന്റെ അധ്യാപികയായ ബിന്ദു ടീച്ചറിനെ ഞാൻ വിവാഹം കഴിക്കാൻ പോകുന്നു എന്ന രീതിയിൽ വ്യാജമായി വാർത്തയുടെ സ്ക്രീൻ ഷോട്ട് ഉണ്ടാക്കി ബഹുമാനപ്പെട്ട ബിന്ദു ടീച്ചർക്കും എനിക്കും എതിരെ വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ ഞാൻ തെളിവുകൾ സഹിതം പോലീസിൽ പരാതി നൽകി’, ശ്രീദേവ് ഫേസ്‌ബുക്കിൽ കുറിച്ചു. പരാതിയുടെ കോപ്പിയും പുറത്തുവിട്ടിട്ടുണ്ട്.

അതേസമയം, തന്നെക്കുറിച്ച് സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന വാർത്തയിൽ വ്യക്തത വരുത്തി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തന്റെ വിവാഹ വാർത്തയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്ത സത്യമല്ലെന്നാണ് ബിന്ദു അമ്മിണിയുടെ പ്രതികരണം. ‘സംഘികൾ എന്റെ കല്യാണ കത്ത് ഇറക്കിയതായി അറിഞ്ഞു. തീയതിയും സ്ഥലവും കൂടി ഒന്ന് അറിയിച്ചാൽ കൊള്ളാമായിരുന്നു’ ബിന്ദു അമ്മിണി ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം, ശബരിമല പ്രവേശനത്തിന് പിന്നാലെ തനിക്ക് കേരളത്തിലെ പൊതുഇടങ്ങളിൽ അപ്രഖ്യാപിത വിലക്ക് നേരിടേണ്ടി വരുന്നതായി ബിന്ദു അമ്മിണി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ശബരിമലയില്‍ കയറി എന്ന കാരണത്താല്‍ തനിക്ക് നേരെയുള്ള അവഗണന കൂടുന്നുവെന്നായിരുന്നു ബിന്ദു അമ്മിണിയുടെ പരാതി. ബസുകളില്‍ തന്നെ ഇപ്പോഴും കയറ്റുന്നില്ല എന്നും അവര്‍ ചൂണ്ടിക്കാട്ടി. ഏറ്റവും ഒടുവില്‍ ‘തന്നെ കയറ്റാത്ത ബസുകളുടെ ലിസ്റ്റിലേയ്ക്ക് കോഴിക്കോട് റൂട്ടിലോടുന്ന കൃതിക ലിമിറ്റഡ് സ്‌റ്റോപ്പ് ബസു കൂടി’ എന്നെഴുതിയ ബിന്ദു അമ്മിണിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button