
മുംബൈ : ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനു പിന്നാലെ അദാനിക്കെതിരായി പോവാതെ മറ്റ് വിഷയങ്ങള്‍ ഉയര്‍ത്തുകയാണ് പ്രതിപക്ഷം ചെയ്യേണ്ടതെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍. അദാനി വിഷയത്തില്‍ പ്രതിപക്ഷത്തെ ഞെട്ടിച്ചുകൊണ്ട് വ്യത്യസ്ത നിലപാടെടുത്ത അഭിമുഖത്തിനു പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പവാറിന്റെ ഈ വിശദീകരണം ഉണ്ടായത്.
സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ അംബാനിയുടെയും അദാനിയുടെയുമൊക്കെ പേര് ഉപയോഗിക്കുന്നു. എന്നാല്‍ രാജ്യത്തിന് അവര്‍ നല്‍കിയ സംഭാവനകളും ഓര്‍ക്കണം – പവാര്‍ പറഞ്ഞു. വിലക്കയറ്റം, കര്‍ഷക പ്രശ്‌നങ്ങള്‍ തുടങ്ങി പ്രതിപക്ഷം ഉയര്‍ത്തേണ്ട ഒരുപാടു വിഷയങ്ങള്‍ വേറെയുണ്ട് – പവാര്‍ ഓർമ്മിപ്പിച്ചു. ഒരു വിദേശ കമ്പനിയുടെ റിപ്പോര്‍ട്ടിന് എന്തുമാത്രം പ്രസക്തിയുണ്ടെന്ന് ഓരോരുത്തരും ചിന്തിക്കേണ്ട കാര്യമാണ്.
ഹിന്‍ഡന്‍ബര്‍ഗിനെ തനിക്ക് അറിയില്ല. രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തില്‍ ഒരു വിദേശ കമ്പനി പറയുന്നതില്‍ എന്തു പ്രസക്തിയുണ്ടെന്ന് ചിന്തിക്കണം. അദാനി വിഷയത്തില്‍ സുപ്രീം കോടതി മേല്‍നോട്ടത്തിലുള്ള സമിതി അന്വേഷിക്കുന്നുണ്ട്. അത് വിശ്വസനീയവും പക്ഷപാതരഹിതവുമാണ്. ജെപിസിക്ക് ഒരു ഘടനയുണ്ട്. അതില്‍ 21 അംഗങ്ങള്‍ ഉണ്ടെങ്കില്‍ 15 പേരും സര്‍ക്കാര്‍ ഭാഗത്തുനിന്നാവും.
അതുകൊണ്ടുതന്നെ സര്‍ക്കാര്‍ പക്ഷം പറയുന്നതായിരിക്കും ജെപിസി റിപ്പോര്‍ട്ട്. ജെപിസിയേക്കാള്‍ എന്തുകൊണ്ടും നല്ലത് സുപ്രീം കോടതി സമിതി നടത്തുന്ന അന്വേഷണമാണ് – പവാര്‍ പറഞ്ഞു. പ്രതിപക്ഷ ഐക്യവും ജെപിസി അന്വേഷണവും തമ്മില്‍ ബന്ധിപ്പിക്കേണ്ട. സുപ്രീം കോടതി സമിതിയുടെ അന്വേഷണം നടക്കട്ടെ- പവാര്‍ പറഞ്ഞു.
Post Your Comments