KeralaLatest NewsNews

പാഠപുസ്തകങ്ങളിൽ ചരിത്രം വികലമാക്കി അപൂർണ്ണമായി ചിത്രീകരിക്കാനുള്ള കേന്ദ്രനീക്കത്തെ കേരളം ചെറുക്കും: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സ്‌കൂൾ പാഠപുസ്തകങ്ങളിൽ ചരിത്രം വികലമാക്കി അപൂർണ്ണമായി ചിത്രീകരിക്കാനുള്ള കേന്ദ്രനീക്കത്തെ ഫെഡറൽ സംവിധാനത്തിന് ഉള്ളിൽ നിന്ന് കേരളം ചെറുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ദേശീയ തലത്തിൽ എൻസിഇആർടി പ്രസിദ്ധീകരിക്കുന്ന പാഠപുസ്തകങ്ങളിൽ നിന്നും (ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ) പുസ്തകങ്ങളുടെ റേഷണലൈസേഷൻ എന്ന പേരിൽ വ്യാപകമായി പാഠഭാഗങ്ങൾ വെട്ടിമാറ്റിയിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: കേരള പൊലീസ് ഇനിയും ഉണരണം, ഷാരൂഖിനെ കണ്ടെത്തി കേന്ദ്ര ഏജന്‍സികള്‍ കേരള പൊലീസിന് കൈമാറുകയായിരുന്നു: വി.മുരളീധരന്‍

പ്രധാനമായും 5 കാരണങ്ങളാണ് ഇതിന് എൻസിഇആർടി പറയുന്നത്. ഒരേ ക്ലാസിലെ മറ്റ് വിഷയങ്ങളിലും ആവർത്തിച്ചു വരുന്ന ഭാഗങ്ങൾ, ഒരേ വിഷയങ്ങളിൽ താഴ്ന്ന ക്ലാസിലോ ഉയർന്ന ക്ലാസിലോ ആവർത്തിച്ചു വരുന്ന പാഠഭാഗങ്ങൾ, കുട്ടികളുടെ പഠന പ്രയാസങ്ങൾ, കുട്ടികൾക്ക് എളുപ്പത്തിൽ ലഭ്യമാകുന്നതും ടീച്ചർമാരുടെ സഹായമില്ലാതെ തന്നെ പഠിക്കാൻ കഴിയുന്നതുമായ പാഠഭാഗങ്ങൾ, ഇന്നത്തെ സാഹചര്യത്തിൽ പ്രസക്തമല്ലാത്ത പാഠഭാഗങ്ങൾ തുടങ്ങിയവയാണ് എൻസിഇആർടി പറയുന്ന കാരണങ്ങൾ. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ പഠന ഭാരം കുറക്കാനെന്ന പേരിൽ മുകളിൽ സൂചിപ്പിച്ച 5 കാര്യങ്ങൾ ചൂണ്ടി കാട്ടിയാണ് എൻസിഇആർടി പാഠഭാഗങ്ങൾ വെട്ടിക്കുറച്ചതായി അവകാശപ്പെടുന്നതെന്ന് മന്ത്രി പറഞ്ഞു.

അക്കാദമികമായി പോലും നിലനിൽക്കാത്തതാണ് അതിൽ പറയുന്ന പല വാദങ്ങളും. അതുകൊണ്ടു തന്നെ ഇതിന്റെ പിന്നിലെ നിക്ഷിപ്ത താല്പര്യങ്ങൾ വെട്ടിക്കുറച്ച പാഠഭാഗങ്ങളിലൂടെ സഞ്ചരിക്കുന്ന ഏതൊരാൾക്കും മനസ്സിലാകും. ഉദാഹരണത്തിന് വർഷങ്ങളായി കുട്ടികൾ പഠിക്കുന്ന പന്ത്രണ്ടാം ക്ലാസിലെ തീംസ് ഓഫ് ഇന്ത്യൻ ഹിസ്റ്ററി പാർട്ട് രണ്ടിലെ മുഗൾ രാജവംശവുമായി ബന്ധപ്പെട്ട മുഴുവൻ ഭാഗങ്ങളും നീക്കം ചെയ്തിരിക്കുന്നു. പൊളിറ്റിക്കൽ സയൻസിലെ ജനകീയ സമരങ്ങൾ, ഏക പാർട്ടി ഭരണം തുടങ്ങിയ ഭാഗങ്ങളും വെട്ടിമാറ്റിയിരിക്കുന്നു. ഇതൊക്കെ വെട്ടിമാറ്റിക്കളയുന്നതിന് തക്കതായ കാരണം പറയാൻ ഇവർക്കാകുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ നമ്മൾ 11, 12 ക്ലാസുകളിൽ എൻസിഇആർടി പാഠപുസ്തകങ്ങൾ ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ അധ്യയന വർഷം മുതലേ ചരിത്രത്തെ വളച്ചൊടിക്കുന്ന കാര്യങ്ങൾ ദേശീയ തലത്തിൽ ചെയ്തിരുന്നുവെങ്കിലും നമ്മൾ അംഗീകരിച്ചിരുന്നില്ല. മാനവിക വിഷയങ്ങൾ അതേപടി പഠിപ്പിക്കും എന്നാണ് കേരളം പ്രഖ്യാപിച്ചത്. അക്കാദമിക താത്പര്യത്തിന് മുൻതൂക്കം നൽകാതെ നിക്ഷിപ്ത താല്പര്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന കേന്ദ്ര സർക്കാറിന്റെ നടപടിയെ കേരളം അംഗീകരിക്കുന്ന പ്രശ്‌നമേയില്ല. എക്കാലത്തും കേരളം ഉയർത്തിപ്പിടിച്ച വിശ്വമാനവിക സങ്കൽപ്പം, മതനിരപേക്ഷത, ഭരണഘടനാ മൂല്യങ്ങൾ തുടങ്ങിയവ മുറുകെ പിടിച്ചും അക്കാദമിക താല്പര്യങ്ങൾക്ക് മുൻതൂക്കം നൽകിയും നാം മുന്നോട്ട് പോകുമെന്ന് മന്ത്രി അറിയിച്ചു.

ഈ പുതിയ അധ്യയന വർഷത്തിലും എൻസിഇആർടിയുടെ ഈ നീക്കത്തെ കേരളം അംഗീകരിക്കുന്നില്ല എന്ന് മാത്രമല്ല, അക്കാദമിക താല്പര്യം മുന്നിൽ കണ്ട് കേരള സംസ്ഥാനത്തിന് അനുയോജ്യമായ പാഠഭാഗങ്ങൾ ചേർത്ത് പാഠപുസ്തങ്ങൾ വികസിപ്പിക്കാനാകും ശ്രമിക്കുക. അതോടൊപ്പം എസ്സിഇആർടി തന്നെ പാഠപുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ഇറച്ചിക്കടയിൽ നിന്നും വാങ്ങിയ മാട്ടിറച്ചിയിൽ പുഴുവിനെ കണ്ടെത്തി, നടപടിയുമായി ആരോഗ്യ വിഭാഗം രംഗത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button