കൊല്ലം: മുക്കുപണ്ടം പണയംവെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് പണം തട്ടിയെടുത്ത യുവതി പൊലീസ് പിടിയിൽ. കിളികൊല്ലൂർ കല്ലുംതാഴം എള്ളുവിള വീട്ടിൽ സുഗന്ധിയാണ് (29) അറസ്റ്റിലായത്. ചവറ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞവർഷം ആണ് കേസിനാസ്പദമായ സംഭവം. ചവറ കൊട്ടുകാടുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവെച്ച് ഇവർ 80,000 രൂപ കൈപ്പറ്റിയിരുന്നു. തുടർന്ന്, സംശയം തേന്നിയ സ്ഥാപനമുടമ നടത്തിയ സൂഷ്മപരിശോധനയിലാണ് പണയ ഉരുപ്പടികൾ മുക്കുപണ്ടമാണെന്ന് തിരിച്ചറിയുന്നത്. പിന്നാലെ ചവറ പൊലീസിന് നൽകിയപരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിൽ യുവതി പിടിയിലായത്. തട്ടിപ്പിന് ശേഷം ഒളിവിൽ കഴിയവേയാണ് ഇവർ പൊലീസിന്റെ പിടിയിലായത്.
സമാന രീതിയിൽ മറ്റു സ്ഥലങ്ങളിലും പ്രതി തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ചു വരുകയാണെന്ന് പൊലീസ് പറഞ്ഞു. കരുനാഗപ്പള്ളി എ.സി.പി വി.എസ്. പ്രദീപ്കുമാറിന്റെ നിർദേശാനുസരണം ചവറ ഇൻസ്പെക്ടർ യു.പി. വിപിൻകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ നൗഫൽ, എ.എസ്.ഐ അബ്ദുൽ റൗഫ്, എസ്.സി.പി.ഒമാരായ രഞ്ജിത്ത്, രാജേഷ്, സി.പി.ഒ രാഖി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. യുവതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments