Latest NewsNewsIndia

പ്രധാനമന്ത്രിയുടെ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത രാജ്യത്തിന് അപകടകരം: ജയിലിൽ നിന്നും മനീഷ് സിസോദിയയുടെ കത്ത്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാകുന്നില്ലെന്ന് ജയിലിലായ ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയയുടെ കത്ത്. രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്ത് പുറത്ത്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആണ് മനീഷിന്റെ കത്ത് തന്റെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസം കുറവാണെങ്കിൽ അത് രാജ്യത്തിന് വളരെ അപകടകരമാണെന്ന് മനീഷ് സിസോദിയ തന്റെ കത്തിൽ ആരോപിക്കുന്നു.

‘മോദിക്ക് ശാസ്ത്രം മനസ്സിലാകുന്നില്ല… മോദി ജിക്ക് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാകുന്നില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യത്ത് 60,000 സ്‌കൂളുകൾ അടച്ചുപൂട്ടി. ഇന്ത്യയുടെ പുരോഗതിക്ക് വിദ്യാസമ്പന്നനായ ഒരു പ്രധാനമന്ത്രിയെ നമ്മുടെ രാജ്യത്തിന് ആവശ്യമാണ്’, സിസോദിയ കത്തിൽ പറയുന്നു.

അതേസമയം, ഇപ്പോൾ റദ്ദാക്കിയ ഡൽഹി എക്‌സൈസ് നയം 2021-22 രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും അഴിമതി ആരോപിച്ച് ഫെബ്രുവരി 26ന് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. മദ്യനയക്കേസുമായി ബന്ധപ്പെട്ട് ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സമർപ്പിച്ച ജാമ്യാപേക്ഷയിൽ സി.ബി.ഐക്ക് ഡൽഹി ഹൈക്കോടതി കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. റോസ് അവന്യു കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് സിസോദിയ ഹൈക്കോടതിയെ സമീപിച്ചത്. രണ്ടാഴ്‌ചയ്‌ക്കകം സി.ബി.ഐ നിലപാട് അറിയിക്കണം എന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button