Latest NewsKeralaIndiaNews

‘അവനെ ആരോ കൂട്ടിക്കൊണ്ട് പോയതാണ്, അവൻ ഡൽഹിക്ക് പുറത്ത് പോയിട്ടില്ല’: ഷഹറൂഖ് സെയ്ഫിയുടെ പിതാവ് ഫക്രുദ്ദീന്‍ പറയുന്നു

ന്യൂഡല്‍ഹി: എലത്തൂര്‍ തീവണ്ടി ആക്രമണ കേസിലെ പ്രതി ഷാരൂഖ് സെയ്ഫി പിടിയിലായതിനെ തുടര്‍ന്ന് പ്രതികരണവുമായി പിതാവ്. ഷാരൂഖിനെ ആരോ കൂട്ടിക്കൊണ്ട് പോയതാണെന്നും അവൻ ഇതുവരെ തനിച്ച് ഡൽഹിക്ക് പുറത്തേക്ക് പോയിട്ടില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. മകനെ കാണുന്നില്ലെന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നതായും പിതാവ് പറഞ്ഞു. മകന്‍ ഇങ്ങനെ ചെയ്‌തെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.

‘ഷാരൂഖ് സെയ്ഫിയെ ആരോ കൂട്ടിക്കൊണ്ടു പോയതാണ്. അവന്‍ ഇതുവരെ ഡല്‍ഹിക്ക് പുറത്തു പോയിട്ടില്ല. ആരോ അവനൊപ്പമുണ്ട്. മാര്‍ച്ച് 31 നാണ് അവന്‍ വീട്ടില്‍ നിന്നും പോയത്. പിന്നെ മടങ്ങി വന്നിട്ടില്ല. ഈ മാസം രണ്ടാം തീയതി മകനെ കാണുന്നില്ല എന്ന പരാതി ഞാന്‍ പൊലീസിന് നല്‍കിയിരുന്നു. കേരളത്തില്‍ നിന്നും പൊലീസ് ഇവിടെ വന്നു. അവര്‍ ഷാരൂഖിനേക്കുറിച്ച് അന്വേഷിച്ചു. ഞാന്‍ വിവരങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്. അവരാണ് മകന്‍ ഇങ്ങനെയൊക്കെ ചെയ്തു എന്ന് പറഞ്ഞത്. വിശ്വസിക്കാന്‍ കഴിഞ്ഞില്ല. സുഹൃത്തുക്കളുടെ വിവരങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ട്’, പിതാവ് പറഞ്ഞു. മീഡിയ വണ്ണിനോടായിരുന്നു പ്രതികരണം.

ആക്രമണത്തിന് പിന്നാലെ കണ്ടെടുത്ത കുറിപ്പുകളും മൊബൈല്‍ ഫോണിലെ സിം കാര്‍ഡും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേരള എടിഎസും പൊലീസും ഇയാളുടെ വീട്ടിലെത്തിയത്. വിശദമായ പരിശോധനയില്‍ റെയില്‍വേ ട്രാക്കില്‍ നിന്ന് കണ്ടെത്തിയ ഡയറി കുറിപ്പുകളിലെ കയ്യക്ഷരവും വീട്ടില്‍ നിന്ന് കണ്ടെത്തിയ പുസ്തകങ്ങളിലെ കയ്യക്ഷരവും ഒന്നുതന്നെയാണെന്ന് കണ്ടെത്തിയിരുന്നു. രണ്ട് സഹോദരങ്ങളാണ് ഷാരൂഖിനുള്ളത്. ഇയാള്‍ പിതാവിനൊപ്പം മരപ്പണി ചെയ്തുവരികയായിരുന്നുവെന്നും മാനസിക പ്രശ്‌നങ്ങളൊന്നും ഇല്ലാത്തയാളാണെന്നും കുടുംബാംഗങ്ങള്‍ പൊലീസിനോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button