Latest NewsKerala

രണ്ടു വയസുകാരി സഹ്‌ലയുമായി റഹ്മത്ത് വെളിയിലേക്ക് ചാടിയത് തീയിൽ വെന്ത് മരിക്കാതിരിക്കാൻ

കോഴിക്കോട്: ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍ സഹയാത്രികരുടെ ദേഹത്ത് അജ്ഞാതന്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ ട്രാക്കില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കോഴിക്കോട് ചാലിയം സ്വദേശികളായ ഷുഹൈബ് -ജസീല ദമ്പതിമാരുടെ മകള്‍ രണ്ടരവയസ്സുകാരി ഷഹ്റാമത്ത് (സഹ്‌ല), ജസീലയുടെ സഹോദരി കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളി ബദ്റിയ മന്‍സിലില്‍ റഹ്‌മത്ത് (45) , മട്ടന്നൂർ സ്വദേശി നൗഫിക് എന്നിവരാണ് മരിച്ചത്. ട്രാക്കില്‍ തലയിടിച്ച് വീണ നിലയിലായിരുന്നു മൂവരും. രക്ഷപെടാന്‍ തീവണ്ടിയില്‍നിന്ന് ചാടിയതായാണ് സംശയിക്കുന്നത്.

ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെ തീവണ്ടി എലത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ പിന്നിട്ടപ്പോഴാണ് അജ്ഞാതന്റെ പെട്രോള്‍ ആക്രമണം ഉണ്ടായത്. ‘ഡി-1’ ബോഗിയിലാണ് സംഭവം. ചങ്ങല വലിച്ചതിനെ തുടര്‍ന്ന് തീവണ്ടി കോരപ്പുഴ പാലത്തിന് മുകളിലായാണ് നിര്‍ത്തിയത്. പാലത്തിനും എലത്തൂര്‍ സ്റ്റേഷനും ഇടയിലുള്ള ട്രാക്കിലാണ് മൂന്ന് മൃതദേഹങ്ങളും ഉണ്ടായിരുന്നത്.

തീവണ്ടിയില്‍ നിന്ന് പൊള്ളലേറ്റ് കൊയിലാണ്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളി അസ്മ മന്‍സിലില്‍ റാസിഖിനൊപ്പം സഞ്ചരിച്ചവരെ സംഭവത്തിന് ശേഷം കാണാതായിരുന്നു. ഇതില്‍, പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ബോഗിക്ക് ഉള്ളില്‍ വച്ച് പൊള്ളലേറ്റ ഒമ്പത് പേരില്‍ രണ്ടുപേരുടെനില ഗുരുതരമാണ്. കണ്ണൂര്‍ സ്വദേശികളായ വക്കീല്‍ ഗുമസ്തന്‍ കതിരൂര്‍ നായനാര്‍ റോഡ് പൊയ്യില്‍ വീട്ടില്‍ അനില്‍ കുമാര്‍ (50), മകന്‍ അദ്വൈദ് (21) എന്നിവരാണവര്‍. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

കോരപ്പുഴയ്ക്കു സമീപം എത്തിയപ്പോൾ ചുവന്ന കള്ളി ഷർട്ട് ധരിച്ച യുവാവു കോച്ചിലേക്കു കയറി. സീറ്റിനു സമീപത്തെത്തിയ ഇയാൾ രണ്ടു കുപ്പിയിൽ ഇന്ധനം കരുതിയിരുന്നു. ഇതിൽ ഒരു കുപ്പി തുറന്ന് വീശിയൊഴിച്ചു. സമീപത്ത് ഇരുന്നവരുടെ ദേഹത്ത് ഇന്ധനം പരന്നു. എന്താണെന്ന് മനസ്സിലാകും മുൻപ് ഇയാൾ തീ കൊളുത്തി. നിമിഷങ്ങൾക്കകം തീ ആളി. കോച്ചിന്റെ തറയിൽ വീണ ഇന്ധനവും കത്തി. കോച്ചിൽ അ​ഗ്നി പടർന്നതോടെ ആളുകൾ എഴുന്നേറ്റ് ഓടുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button