ന്യൂഡൽഹി: രാജ്യത്തെ പല സാധനങ്ങൾക്കും വില വർദ്ധിക്കുകയാണല്ലോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയുമായി ബി.ജെ.പി പാർലമെന്റ് അംഗവും മുൻ കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധി. മരങ്ങൾ ഇല്ലാതാകുന്നതിനാൽ തടിക്ക് വിലകൂടിയതായി മേനക പറഞ്ഞു. ഇതേ കാരണത്താൽ സംസ്‌കാരച്ചെലവും വർധിച്ചുവെന്നാണ് മേനകയുടെ നിരീക്ഷണം.
‘മരത്തിന് വളരെ വില കൂടിയിരിക്കുന്നു, മരണത്തിൽ പോലും ആളുകൾ അവരുടെ കുടുംബത്തെ ദരിദ്രരായി ഉപേക്ഷിക്കുന്നു. തടിക്ക് ഏകദേശം ₹ 15,000 മുതൽ ₹ 20,000 വരെ വിലയുണ്ട്. പകരം, ചാണകത്തിൽ സുഗന്ധമുള്ള വസ്തുക്കൾ ചേർത്ത് മൃതദേഹം ദഹിപ്പിക്കാൻ ഉപയോഗിക്കുക. ഇത് ചിലവ് കുറയ്ക്കും. ശവസംസ്കാര ചടങ്ങുകൾക്ക് വെറും ₹ 1,500 മുതൽ ₹ 2,000 വരെ ചെലവ് വരികയുള്ളൂ, ഈ ചാണകത്തടികൾ വിറ്റ് നിങ്ങൾക്ക് ലക്ഷങ്ങൾ സമ്പാദിക്കാം’, മനേക ഗാന്ധി പറഞ്ഞു.
കഴുതപ്പാലിൽ നിന്നും നിർമ്മിക്കുന്ന സോപ്പ് ഉപയോഗിച്ച് കുളിക്കുന്ന സ്ത്രീകൾ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ സുന്ദരികൾ ആകുമെന്നും ബി.ജെ.പി പാർലമെന്റ് അംഗവും മുൻ കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധി പറഞ്ഞു. ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ ഒരു ‘ചൗപാലിനെ’ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയായിരുന്നു ഇവരുടെ കണ്ടെത്തൽ. ഈജിപ്ഷ്യന്‍ രാജ്ഞിയായിരുന്ന ക്ലിയോപാട്ര കഴുതയുടെ പാലിലായിരുന്നു കുളിക്കാറുണ്ടായിരുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
‘കഴുതയുടെ പാൽ സോപ്പ് എല്ലായ്പ്പോഴും ഒരു സ്ത്രീയുടെ ശരീരത്തെ മനോഹരമാക്കുന്നു. പ്രശസ്ത രാജ്ഞിയായ ക്ലിയോപാട്ര കഴുതപ്പാലിൽ കുളിക്കുമായിരുന്നു. ഡൽഹിയിൽ കഴുതപ്പാൽ കൊണ്ടുണ്ടാക്കുന്ന സോപ്പിന് 500 രൂപ വിലയുണ്ട്. ആട്ടിൻ പാലും കഴുതപ്പാലും കൊണ്ടുള്ള സോപ്പുണ്ടാക്കാൻ തുടങ്ങാത്തത് എന്ത്?’, അവർ ചോദിച്ചു. ലഡാക്കിലെ ഒരു സമൂഹം സോപ്പ് ഉണ്ടാക്കാൻ കഴുതയുടെ പാൽ ഉപയോഗിക്കുന്നുണ്ടെന്നും അവർ പരാമർശിച്ചു.
‘നിങ്ങൾ ഒരു കഴുതയെ കണ്ടിട്ട് എത്ര നാളായി, അവരുടെ എണ്ണം കുറയുന്നു. അലക്കുകാരും കഴുതകളെ ഉപയോഗിക്കുന്നത് നിർത്തി. ലഡാക്കിൽ കഴുതകളുടെ എണ്ണം കുറയുന്നത് ശ്രദ്ധിച്ച ഒരു സമൂഹമുണ്ട്. അതിനാൽ അവർ കഴുതകളെ കറക്കാൻ തുടങ്ങി, പാലിൽ നിന്ന് സോപ്പ് ഉണ്ടാക്കാൻ തുടങ്ങി, കഴുതപ്പാൽ ഉപയോഗിച്ച് നിർമ്മിച്ച സോപ്പുകൾ സ്ത്രീയുടെ ശരീരത്തെ എക്കാലവും സുന്ദരമായി നിലനിർത്തും’, അവർ പറഞ്ഞു.
Post Your Comments