തിരുവനന്തപുരം: വന സംരക്ഷണം വന്യജീവികൾക്ക് മാത്രമല്ല, പൊതുസമൂഹത്തിന്റെ ശാശ്വതമായ നിലനിൽപ്പ് ഉറപ്പാക്കുന്നതിനും അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വനാതിർത്തിയിൽ താമസിക്കുന്നവരുടെ ന്യായമായ അവകാശം സംരക്ഷിക്കാൻ സർക്കാർ ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നൽകി.
നിക്ഷിപ്ത വനഭൂമിയിൽ അമ്പത് സെന്റ് വരെ കൈവശമുള്ള കർഷകർക്ക് കൈവശാവകാശ രേഖ നൽകാനുള്ള നടപടി വേഗത്തിലാക്കും. ഇതിനായി കേരള സ്വകാര്യ വനനിയമത്തിൽ ഭേദഗതിവരുത്തും. ബഫർസോൺ വിഷയത്തിൽ നാടിന്റെ ആശങ്ക ഉൾക്കൊണ്ടുള്ള ഇടപെടലാണ് നടത്തുന്നത്. ജനസാന്ദ്രത കൂടിയ പ്രദേശം ഒഴിവാക്കണമെന്ന നയമാണ് സർക്കാരിനുള്ളത്. വനങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം വനാശ്രിതരുടെ ജീവിതവും മെച്ചപ്പെടണം. ഗോത്രസമൂഹം ശേഖരിക്കുന്ന ചെറുകിട വനവിഭവങ്ങൾക്ക് താങ്ങുവില ഉറപ്പാക്കാനുള്ള പദ്ധതി നിലവിലുണ്ട്. ഉൾക്കാടുകളിൽ താമസിക്കുന്നവരുടെ പുനരധിവാസം അവരുടെ പൂർണ സമ്മതത്തോടെയാണ് നടപ്പാക്കുന്നത്. വയനാട് വന്യജീവി സങ്കേതത്തിൽനിന്ന് 319 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.
വനവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാൻ വിവിധ തലങ്ങളുണ്ട്. ചിലത് വകുപ്പിന് നേരിട്ട് പരിഹരിക്കാനാവും. ചിലതിൽ ഒന്നിലധികം വകുപ്പുകളുടെ പരിശോധന ആവശ്യമാണ്. ചിലത് കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണും. വനാതിർത്തി പ്രദേശങ്ങളിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, രാഷ്ട്രീയപാർടി, കർഷക സംഘടന പ്രതിനിധികൾ തുടങ്ങിയവരെ ഉൾപ്പെടുത്തിയുള്ള വനസൗഹൃദ സദസ്സിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments