![](/wp-content/uploads/2023/04/rahul-amit-shah-1200x630-6.jpg)
പട്യാല: കോൺഗ്രസ് നേതാവും മുൻ ക്രിക്കറ്റ് താരവുമായ നവ്ജ്യോത് സിങ് സിദ്ദു (59) ജയിൽ മോചിതനായി. 317 ദിവസത്തെ തടവു ശിക്ഷയ്ക്കു ശേഷം ഇന്ന് വൈകുന്നേരമാണ് പഞ്ചാബിലെ പട്യാല സെൻട്രൽ ജയിലിൽനിന്നു സിദ്ദു മോചിതനായത്. ജയിലിനു പുറത്തിറങ്ങിയ സിദ്ദുവിനു കോൺഗ്രസ് പ്രവർത്തകരും അനുയായികളും ചേർന്നു സ്വീകരണം നൽകി. പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളും ഉയർത്തിയാണ് പ്രവർത്തകർ സ്വീകരണം ഒരുക്കിയത്.
1988 ൽ പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ 65 കാരനായ ഗുർണം സിങ് കൊല്ലപ്പെട്ട കേസിലാണ് സുപ്രീംകോടതി സിദ്ദുവിന് ഒരു വർഷം തടവു ശിക്ഷ വിധിച്ചത്. 2022 മെയ് മാസം 20 മുതലാണ് ശിക്ഷ ആരംഭിച്ചിരുന്നത്. ജയിലിലെ നല്ല നടപ്പിൽ ശിക്ഷാ കാലയളവിൽ ഇളവ് ലഭിച്ചതോടെയാണ് 317-ാം ദിവസം സിദ്ദു പുറത്തിറങ്ങിയത്. സിദ്ദുവിനെ മോചിപ്പിക്കുന്നതിൽ പഞ്ചാബ് സർക്കാരിന് എതിർപ്പില്ലെന്ന് മന്ത്രി ബ്രം ശങ്കർ ജിമ്പ അറിയിച്ചിരുന്നു.
ജയിൽ മോചിതനായതിനു പിന്നാലെ കേന്ദ്രസർക്കാരിനെയും സംസ്ഥാന സർക്കാരിനെയും വിമർശിച്ചു സിദ്ദു രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകാധിപതിയാണെന്നും ഇന്ത്യയിലെ ജനാധിപത്യം ചങ്ങലയാൽ ബന്ധിച്ചിരിക്കുകയാണെന്നും സിദ്ദു വിമർശിച്ചു. രാഹുൽ ഗാന്ധിയുടെ ശബ്ദം ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എന്നാൽ ഇപ്പോൾ അമേരിക്കയിലും ജർമ്മനിയിലും മറ്റ് എല്ലായിടത്തും അദ്ദേഹത്തിന്റെ ശബ്ദം മുഴങ്ങുന്നു. എപ്പോഴൊക്കെ സ്വേച്ഛാധിപത്യം വന്നുവോ അപ്പോഴെല്ലാം വിപ്ലവവും വന്നിട്ടുണ്ട്. ആ വിപ്ലവത്തിന്റെ പേര് രാഹുൽ ഗാന്ധി എന്നാണെന്നും സിദ്ദു പുകഴ്ത്തി. പഞ്ചാബ് ഭരിക്കുന്ന ആം ആദ്മി സർക്കാർ ഒരു വർഷംകൊണ്ട് എന്താണ് നേടിയതെന്നും സിദ്ദു ചോദിച്ചു.
Post Your Comments