കൊച്ചി: 41 ദിവസമായിട്ടും ശമ്പളം നല്‍കാത്തതില്‍ പരസ്യമായി പ്രതിഷേധിച്ച വനിതാ കണ്ടക്ടറെ സ്ഥലം മാറ്റിയ കെഎസ്ആര്‍ടിസി നടപടിക്ക് എതിരെ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും വ്യാപകമാകുന്നു. ശമ്പള രഹിത സേവനം 41-ാം ദിവസം എന്ന ബാഡ്ജ് ധരിച്ചതിനാണ് വൈക്കം ഡിപ്പോയിലെ കണ്ടക്ടര്‍ അഖില എസ് നായരെ സ്ഥലംമാറ്റിയത്.
Read Also: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വയനാട്ടിൽ കരിങ്കൊടി പ്രതിഷേധം
അതേസമയം, തനിക്ക് പ്രതിഷേധിക്കാന്‍ ഭയമില്ലെന്ന് അഖില എസ് നായര്‍ മാധ്യമങ്ങളോട് പറഞ്ഞു. ശമ്പളത്തിന് വേണ്ടിയാണ് ജോലി ചെയ്യുന്നത്. ശമ്പളം വൈകുന്തോറും പലരോടും മറുപടി പറയേണ്ടി വരുന്നത് അപമാനമാണ്. വളരെ മാന്യവും ശാന്തവുമായിട്ടാണ് തന്റെ പ്രതിഷേധമെന്നും അഖില പറഞ്ഞു.
‘ഈ വരുമാനത്തില്‍ മാത്രം ജീവിക്കുന്ന കുടുംബമാണ് എന്റേത്. ശമ്പളം വൈകുന്തോറും ഏതൊക്കെ ആളുകളോട് മറുപടി പറയേണ്ടി വരും എന്നത് ഞാന്‍ നേരിട്ട അപമാനമാണ്. മകന്റെ സ്‌കൂളില്‍ ഫീസ് അടക്കാന്‍ പറ്റുന്നില്ല, കടയില്‍ പറ്റ് തീര്‍ക്കാനാകുന്നില്ല, ബാങ്കില്‍ ലോണടവ് തിരിച്ചടക്കാനുള്ള സമയം കഴിഞ്ഞു, അങ്ങനെ കുറേ കാര്യങ്ങള്‍ നമുക്ക് ബുദ്ധിമുട്ടായി. ഏതെങ്കിലും രീതിയില്‍ നമ്മുടെ മാനസിക സംഘര്‍ഷം പ്രതിഷേധമായി രേഖപ്പെടുത്തണം എന്നാഗ്രഹിച്ചു. എന്നാല്‍ ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തെ അത് ബുദ്ധിമുട്ടിക്കരുതെന്ന കണക്കുകൂട്ടലും ഉണ്ടായിരുന്നു. ഡ്യൂട്ടിയില്‍ നിന്നും വിട്ട് നില്‍ക്കുകയോ, ഡ്യൂട്ടി ചെയ്യാതിരിക്കുകയോ യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയോ ഒന്നും ചെയ്തിട്ടില്ല.’ അഖില പ്രതികരിച്ചു.
‘പ്രതിഷേധം വൈറലാകണമെന്ന് ചിന്തിച്ചിട്ടില്ല. ബാഡ്ജ് ധരിച്ചതിന്റെ ഫോട്ടോ എടുക്കുകയോ അത് പ്രചരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഫേസ്ബുക്ക് അക്കൗണ്ട് പോലും ഇല്ലാത്തയാളാണ് താന്‍’, അഖില വിശദീകരിച്ചു. എംഎസ്സി- ബിഎഡ് കഴിഞ്ഞൊരാളാണ് താനെന്നും നിരവധി ടെസ്റ്റുകള്‍ എഴുതിയാണ് ജോലി കിട്ടിയതെന്നും അഖില പറയുന്നു. 13 വര്‍ഷമായി ആസ്വദിച്ചാണ് ജോലി ചെയ്തതെന്നും അഖില വ്യക്തമാക്കി.
Post Your Comments