തിരുവനന്തപുരം: വീട്ടിൽ നിന്നും പിണങ്ങിയിറങ്ങിയ പെൺകുട്ടിയെ സുരക്ഷിതയായി മാതാപിതാക്കൾക്കരുകിൽ എത്തിച്ചത് കെഎസ്ആർടിസി ബസിലെ വനിതാ കണ്ടക്ടറുടെ കരുതൽ. കെ.എസ്.ആർ.ടി.സി സിറ്റി യൂണിറ്റിലെ കണ്ടക്ടർ ജി.എൽ.മഞ്ജുവാണ് രാത്രിയിൽ ബസിനുള്ളിൽ തനിച്ചു യാത്ര ചെയ്ത ഇരുപതുകാരിയെ സുരക്ഷിതമായി വീട്ടിലേക്ക് തിരിച്ചുപോകാൻ സഹായിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴരയ്ക്ക് കിഴക്കേകോട്ടയിൽ നിന്ന് കൊച്ചുവേളിയിലേക്കുള്ള ബസിൽ കയറിയ പെൺകുട്ടിക്കാണ് മഞ്ജു തുണയായത്.
കിഴക്കേകോട്ടയിൽ നിന്നും ബസിൽ കയറിയ യുവതി വെട്ടുകാടേക്കാണ് ടിക്കറ്റെടുത്തത്. അതും അടുത്തിരുന്ന സ്ത്രീയിൽ നിന്ന് കടമായി വാങ്ങിയ കാശുമായി. യുവതിയുടെ മുഖഭാവത്തിൽ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടതോടെയാണ് കണ്ടക്ടർ മഞ്ജു അവൾക്കരികിലെത്തിയത്. വിവരങ്ങൾ ചോദിച്ചപ്പോൾ വീട്ടിൽ നിന്ന് പിണങ്ങി ഇറങ്ങിയതാണെന്നും അഭയം തേടിയാണ് വെട്ടുകാട് പോകുന്നതെന്നും പെൺകുട്ടി പറഞ്ഞു.
ഒറ്റയ്ക്കുള്ള യാത്രയുടെ ദുരന്തങ്ങളും രാത്രി കാലത്തെ ചതിക്കുഴികളും മഞ്ജു പറഞ്ഞുമനസിലാക്കി.കൊച്ചുവേളിയിൽ എത്തിയപ്പോൾ ഡ്രൈവർ ജി. പ്രദീപ് കുമാറിനൊപ്പം കുട്ടിക്കും മഞ്ജു ചായയും ബിസ്ക്കറ്റും വാങ്ങി നൽകി. തിരികെ കിഴക്കേകോട്ടയിലേക്ക് ടിക്കറ്റും ബസിൽ സുരക്ഷിതമായ തന്റെ സീറ്റും നൽകി. ഇതിനിടെ ഫോണിലൂടെ പൊലീസ്, കെ.എസ്.ആർ.ടി.സി കൺട്രോൾ റൂം, സിറ്റി ഡിപ്പോ എന്നിവിടങ്ങളിൽ വിളിച്ച് മഞ്ജു വിവരമറിയിച്ചു.
കിഴക്കേകോട്ടയിലെത്തിയ ഉടൻ കുട്ടിയെ മഞ്ജു സ്റ്റേഷൻ മാസ്റ്റർ സംഗീതയുടെ അരികിലെത്തിച്ചു. ഉടൻ ഫോർട്ട് പൊലീസ് സ്റ്റേഷനിലെ പിങ്ക് പൊലീസെത്തി പെൺകുട്ടിയെയും മഞ്ജുവിനെയും സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. രണ്ട് മണിക്കൂറോളം നീണ്ട ആശങ്കകൾക്കൊടുവിൽ കണ്ടക്ടർ മഞ്ജു പൊലീസിന്റെ സാന്നിദ്ധ്യത്തിൽ കുട്ടിയെ രക്ഷിതാക്കൾക്ക് കൈമാറി. മഞ്ജുവിന്റെ മാതൃകാപരമായ പ്രവൃത്തിയെ കെ.എസ്.ആർ.ടി.സി സി.എം.ഡി പി.എസ്. പ്രമോജ് ശങ്കർ അഭിനന്ദിച്ചു. പ്രതാപചന്ദ്രനാണ് മഞ്ജുവിന്റെ ഭർത്താവ്. ഏക മകൾ പ്ലസ്ടു വിദ്യാർത്ഥി ഭദ്ര. കിള്ളിപ്പാലത്താണ് താമസം.
Post Your Comments