ഡല്‍ഹി: കോൺഗ്രസ് ഭരണകാലത്തെ അഴിമതി ആരോപണങ്ങളെക്കുറിച്ചുള്ള ‘കോൺഗ്രസ് ഫയലുകളുടെ’ ആദ്യ എപ്പിസോഡ് ബിജെപി പുറത്തിറക്കി. ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സീരീസിന്റെ ആദ്യ ഭാഗം പങ്കുവെച്ചത്. 70 കൊല്ലത്തെ കോണ്‍ഗ്രസ് ഭരണകാലത്ത് രാജ്യത്ത് അരങ്ങേറിയ അഴിമതികളും കുംഭകോണങ്ങളും ഇതിലൂടെ വെളിച്ചത്തുകൊണ്ടുവരുമെന്ന് ബിജെപി അവകാശപ്പെട്ടു.
ഇക്കാലയളവിലെ ഭരണത്തിനിടെ പൊതുജനങ്ങളില്‍നിന്ന് 4.82 ലക്ഷം കോടിയിലേറെ രൂപയാണ് കോണ്‍ഗ്രസ് കൊള്ളയടിച്ചതെന്നും രാജ്യത്തിന്റെ സുരക്ഷയ്ക്കും വികസനത്തിനുമായി ആ തുക ഫലപ്രദമായി ഉപയോഗിക്കാമായിരുന്നു എന്നും ബിജെപി വിഡിയോയിൽ വ്യക്തമാക്കുന്നു.
Congress Files के पहले एपिसोड में देखिए, कैसे कांग्रेस राज में एक के बाद एक भ्रष्टाचार और घोटाले हुए… pic.twitter.com/vAZ7BDZtFi
— BJP (@BJP4India) April 2, 2023
1.86 ലക്ഷം കോടിയുടെ കൽക്കരി അഴിമതി, 1.76 ലക്ഷം കോടിയുടെ 2ജി സ്പെക്‌ട്രം അഴിമതി, 10 ലക്ഷം കോടിയുടെ എംഎൻആർഇജിഎ അഴിമതി, 70,000 കോടിയുടെ കോമൺവെൽത്ത് അഴിമതി, ഇറ്റലിയുമായുള്ള ഹെലികോപ്റ്റർ ഇടപാടിൽ 362 കോടി രൂപ കോഴ, റെയിൽവേ ബോർഡ് ചെയർമാൻ 12 കോടി കോഴ, എന്നിങ്ങനെ നിരവധി അഴിമതികളാണ് കോൺഗ്രസ് ഭരണകാലത്ത് രാജ്യത്ത് നടന്നത്.
ഈ പണം കൊണ്ട് 24 ഐഎന്‍എസ് വിക്രാന്ത്, 300 റഫേല്‍ ജെറ്റ് വിമാനങ്ങള്‍, 1000 മംഗള്‍യാന്‍ ദൗത്യങ്ങള്‍ എന്നിങ്ങനെ ജനോപകാരപ്രദമായി ചെയ്യാമായിരുന്ന കാര്യങ്ങളും വീഡിയോയിൽ പങ്കുവെയ്ക്കുന്നു. കോണ്‍ഗ്രസ് നടത്തിയ അഴിമതിയുടെ ദുരന്തം രാജ്യത്തെ ജനങ്ങൾ അനുഭവിക്കുകയായിരുന്നു എന്നും രാജ്യപുരോഗതിയെ അത് പിന്നിലാക്കിയെന്നും ബിജെപി വിഡിയോയിൽ ചൂണ്ടിക്കാട്ടുന്നു.
2004 മുതല്‍ 2014 വരെയുള്ള പത്തു വർഷത്തെ കോണ്‍ഗ്രസ് ഭരണത്തെ ‘പാഴായ പതിറ്റാണ്ട്’ എന്ന് വിശേഷിപ്പിച്ച ബിജെപി ഇക്കാലയളവിൽ പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിങ്ങിനേയും രൂക്ഷമായി വിമര്‍ശിക്കുന്നു.
Post Your Comments