Latest NewsKeralaNews

‘വിമര്‍ശകർക്ക് ചൊറിച്ചിൽ’: ദുരിതാശ്വാസ ഫണ്ട് വിതരണത്തെ ന്യായീകരിച്ച് കെ.ടി ജലീൽ

തിരുവനന്തപുരം: ലോകയുക്ത കേസിന് ആധാരമായ ദുരിതാശ്വാസ ഫണ്ട് വിതരണത്തെ ന്യായീകരിച്ച് മുൻ മന്ത്രി കെ ടി ജലീൽ. രാഷ്ട്രീയം നോക്കിയല്ല സഹായ വിതരണമെന്നും വിമർശിക്കുന്നവർക്കൊക്കെ ചൊറിച്ചിലാണെന്നുമാണ് ജലീൽ പറയുന്നത്. സഹായ വിതരണം ഇനിയും തുടരുമെന്നാണ് ജലീൽ പറയുന്നത്. അതേസമയം, ജലീൽ വഴി ലോകയുക്തയെ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തി എന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് പോസ്റ്റില്‍ മറുപടി ഇല്ല.

കെ.ടി ജലീലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അർഹതപ്പെട്ടവർക്കേ സഹായം കൊടുത്തിട്ടുള്ളൂ. UDF ഉം LDF ഉം BJP യും നോക്കിയല്ല CMDRF ൽ നിന്ന് പണം അനുവദിക്കുന്നത്. ഒന്നാം പിണറായി മന്ത്രിസഭ തന്നെയാണ് മുൻ എം.എൽ.എയും ലീഗ് നേതാവുമായ കളത്തിൽ അബ്ദുല്ലക്ക് ചികിൽസക്കായി 20 ലക്ഷം അനുവദിച്ചത്. കടലോരത്ത് സുനാമി ദുരന്തങ്ങൾക്ക് ഇരയായവർക്ക് വിതരണം ചെയ്യേണ്ട സുനാമി ഫണ്ട് ഒരു “പുഴ” പോലുമില്ലാത്ത കോട്ടയത്തെ പുതുപ്പള്ളിയിലെ നൂറുകണക്കിന് ആളുകൾക്കായി കോടികൾ വാരിക്കോരി നൽകിയപ്പോൾ ഈ ഹർജിക്കാരനും മാധ്യമങ്ങളും എവിടെയായിരുന്നു? തെരഞ്ഞെടുപ്പ് ലാക്കാക്കി പുതുപ്പള്ളിക്കാർക്ക് യഥേഷ്ടം പണം കൊടുത്തത് അന്നത്തെ UDF മുഖ്യമന്ത്രിയുടെ തറവാട്ടിൽ നിന്നെടുത്തിട്ടല്ല. ജനങ്ങളിൽ നിന്ന് ശേഖരിച്ച സുനാമി ഫണ്ടിൽ നിന്നാണെന്നോർക്കണം.

സി.എച്ച് മുഹമ്മദ് കോയ സാഹിബിൻ്റെ മരണത്തെ തുടർന്ന് മകൻ ഡോ: എം.കെ മുനീറിനെ ബാഗ്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ നിന്ന് കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിലേക്ക് തുടർ പഠനത്തിന് സൗകര്യമൊരുക്കി കൊണ്ടുവന്നതും പഠനം തീരുന്നത് വരെ പോക്കറ്റ് മണി നൽകിയതും സി.എച്ചിൻ്റെ ഭാര്യക്ക് പെൻഷൻ നൽകിയതും അന്നത്തെ UDF മുഖ്യമന്ത്രിയുടെ വീട്ടിൽ നിന്നെടുത്തിട്ടല്ല. എല്ലാം ഏത് സർക്കാരിൻ്റെ കാലത്താണെങ്കിലും പൊതുഖജനാവിൽ നിന്നാണ് അനുവദിച്ചത്. ഭാവിയിലും അങ്ങനെത്തന്നെയാകും.

അന്നൊന്നുമില്ലാത്ത “ചൊറിച്ചിൽ”രാമചന്ദ്രൻ നായരുടെയും ഉഴവൂർ വിജയൻ്റെയും കുടുംബത്തെ സഹായിച്ചപ്പോൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതങ്ങ് സഹിച്ചേര്. ഞങ്ങൾക്ക് വേറെ പണിയുണ്ട്.

”പാണ്ടൻ നായുടെ പല്ലിന് ശൗര്യം, പണ്ടേ പോലെ ഫലിക്കുന്നില്ല”

shortlink

Related Articles

Post Your Comments

Related Articles


Back to top button