ന്യൂഡൽഹി: തന്റെ പിതാവ് ആർടി നാരായൺ അന്തരിച്ചപ്പോൾ തന്നെ മാനസികമായി പിന്തുണച്ച ആളാണ് രാഹുൽ ഗാന്ധിയെന്ന് നടി ദിവ്യ സ്പന്ദന. വീക്കെൻഡ് വിത്ത് രമേഷ് സീസൺ 5-ലെ ആദ്യ അതിഥിയായി എത്തിയപ്പോഴായിരുന്നു നടിയും മുൻ രാഷ്ട്രീയ പ്രവർത്തകയുമായ ദിവ്യയുടെ വെളിപ്പെടുത്തൽ. അച്ഛൻ അന്തരിച്ച ശേഷമുള്ള തന്റെ ജീവിതത്തിലെ വളരെ പ്രയാസകരമായ സമയങ്ങളിൽ കൂടെ നിന്നിരുന്നത് രാഹുൽ ഗാന്ധി ആയിരുന്നുവെന്നാണ് രമ്യ എന്ന് വിളിക്കുന്ന ദിവ്യയുടെ വെളിപ്പെടുത്തൽ.
അച്ഛൻ പോയതിന് പിന്നാലെ താൻ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിരുന്നുവെന്നും തന്റെ ശ്രമകരമായ സമയങ്ങളിൽ വൈകാരിക പിന്തുണ നൽകിയതിന് രാഹുൽ ഗാന്ധിയെ അഭിനന്ദിക്കുന്നതായും അവർ വെളിപ്പെടുത്തി. അച്ഛന്റെ വിയോഗത്തെത്തുടർന്ന് താൻ ആത്മഹത്യയെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
‘എന്റെ പിതാവിനെ നഷ്ടപ്പെട്ട് രണ്ടാഴ്ചയ്ക്ക് ശേഷം ഞാൻ പാർലമെന്റിലായിരുന്നു. പാർലമെന്റ് നടപടികളെക്കുറിച്ച് പോയിട്ട്, എനിക്ക് അവിടെ ആരെയും അറിയില്ലായിരുന്നു. എന്നാൽ ഞാൻ എല്ലാം പഠിച്ചു, ഞാൻ എന്റെ സങ്കടം എന്റെ ജോലിയിലേക്ക് മാറ്റി. മാണ്ഡ്യയിലെ ജനങ്ങളാണ് എനിക്ക് ആ ആത്മവിശ്വാസം തന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനം എന്റെ അമ്മയാണ്, അടുത്തത് എന്റെ അച്ഛനും മൂന്നാമത്തേത് രാഹുൽ ഗാന്ധിയുമാണ്. അച്ഛനെ നഷ്ടപ്പെട്ടപ്പോൾ ഞാൻ ആകെ തകർന്നിരുന്നു. എന്റെ ജീവിതം അവസാനിപ്പിക്കാൻ വരെ ഞാൻ തീരുമാനിച്ചു. ഞാൻ തീർത്തും ഏകയായി മാറിയിരുന്നു. തിരഞ്ഞെടുപ്പിലും തോറ്റിരുന്നു. സങ്കടത്തിന്റെ ഒരു കാലഘട്ടമായിരുന്നു അത്. ആ സമയത്ത് രാഹുൽ ഗാന്ധി എന്നെ സഹായിക്കുകയും വൈകാരികമായി പിന്തുണയ്ക്കുകയും ചെയ്തു’, രമ്യ പറയുന്നു.
തന്റെ കരിയറിന്റെ ഏറ്റവും ഉയർന്ന ഘട്ടത്തിൽ, രമ്യ രാഷ്ട്രീയത്തിൽ ചേരുകയും 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സോഷ്യൽ മീഡിയ പ്രചാരണത്തിന് നേതൃത്വം നൽകുകയും ചെയ്തിരുന്നു. ഇത് ഫലം കാണാതെ വന്നതോടെ താരം രാഷ്ട്രീയം ഉപേക്ഷിച്ചിരുന്നു. എന്നിരുന്നാലും, തന്റെ പ്രയാസകരമായ സമയങ്ങളിൽ രാഹുൽ ഗാന്ധി തനിക്ക് വൈകാരിക പിന്തുണ നൽകിയതെങ്ങനെയെന്ന് ഷോയിൽ അവർ പരാമർശിച്ചു.
Post Your Comments